മാറാട് കൂട്ടക്കൊലക്ക് പിന്നില്‍ ആഴമേറിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനെക്കുറിച്ച് കൂടുതല്‍ തീവ്രവും ഗൗരവപൂര്‍ണ്ണവുമായ അന്വേഷണം അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവിലുള്ള കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളില്ലെന്ന് വിലയിരുത്തിയ ഡിവിഷന്‍ബെഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു. മാറാട് കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനക്കുറ്റം സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ല. ഉദ്യോഗസ്ഥര്‍ ഈ കേസില്‍ ലഭിച്ച തുമ്പും വാലുംകൊണ്ട് തൃപ്തിപ്പെട്ട് കൂടുതല്‍ അന്വേഷണം ഉപേക്ഷിച്ചു. ഒട്ടും പ്രാധാന്യമില്ലാത്ത വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ഗൂഢാലോചനക്കേസ് എടുത്തിട്ടുള്ളത്. ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമായ കാരണങ്ങളാല്‍ മനഃപൂര്‍വം ഇത് അവഗണിച്ചു. യഥാര്‍ത്ഥ ഗൂഢാലോചന എന്താണെന്നും യഥാര്‍ത്ഥ പ്രതികള്‍ ആരൊക്കെയെന്നും വെളിച്ചത്ത് കൊണ്ടുവരണം, ഡിവിഷന് ബെഞ്ച് അറുനൂറ് പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
141-ാം പ്രതി മൊയ്തീന് കോയയും ഒന്നാംപ്രതി അബു മുസ്ലീംലീഗ് നേതാവ് മായിന്‍ ഹാജിയെ മാറാടെ അരയന്മാര്ക്കെതിരെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരോടും പിന്നീട് കോടതിയിലും വെളിപ്പെടുത്തിയിരുന്നു. മായിന്‍ ഹാജിക്ക് കൂട്ടക്കൊലയെക്കുറിച്ച് അറിവുണ്ടായിരുന്ന കാര്യം ഇതില്‍നിന്നും സ്പഷ്ടമാണ്.
കീഴ്ക്കോടതി ശിക്ഷിച്ചവരില്‍ 49 പ്രതികള്‍ക്ക് സ്വാമി ശ്രദ്ധാനന്ദ കേസിലേതുപോലെ മുപ്പതുവര്ഷത്തില് കുറയാത്ത കഠിന ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. വധശിക്ഷയ്ക്ക് പകരമായാണ് സുപ്രീംകോടതി ഇത്തരമൊരു വിധി നിശ്ചയിച്ചിട്ടുള്ളത്. ആ നിലയ്ക്ക് ഈ ശിക്ഷ നല്‍കാനാവില്ലെന്നും കോടതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: