തിരുവനന്തപുരം:കെ.പി.സി.സി പുനഃസംഘടനയില്‍ ആശങ്കയുണ്ടെന്ന് വി.എം.സുധീരന് പറഞ്ഞു. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗ്രൂപ്പ് നേതാക്കളാണ്. ഇവര്‍ നടത്തുന്ന പുനഃസംഘടന നീതിപൂര്വ്വമാകുമെന്ന് സംശയമുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സുധീരന് വ്യക്തമാക്കി.
പുനസംഘടനയില്‍ ജില്ലകള്‍ ഗ്രൂപ്പു നോക്കി പങ്കിടരുതെന്നും ഗ്രൂപ്പല്ല കാര്യക്ഷമതയാണ് മാനദണ്ഡമാക്കേണ്ടതെന്നും സുധീരന് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായ സാഹചര്യത്തില്‍ പുനസംഘടനയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാന്‍ പാടില്ല. പുനസംഘടനയ്ക്കായി നിഷ്പക്ഷ സമിതിയുണ്ടാക്കണം. പ്രവര്‍ത്തകരെയും ജനങ്ങളെയും ബോധ്യപ്പെടുത്തത്തക്ക രീതിയില്‍ പുനസംഘടനയ്ക്ക് രൂപരേഖ തയാറാക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. വിശ്വാസയോഗ്യമായ സമീപനം സ്വീകരിക്കണം.
ജനാധിപത്യ മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്ഗ്രസനെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അവരുടെ താല്പര്യങ്ങള്ക്ക് അനുസരിച്ച് നിഷ്പക്ഷ സംഘടനാ സംവിധാനം ഏര്‍പ്പെടുത്താനുള്ള എളിയ പരിശ്രമമാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ തൃപ്തനാണോയെന്ന ചോദ്യത്തിന് തൃപ്തികരമാകാനുള്ള സാധ്യതയില്ലല്ലോയെന്നായിരുന്നു മറുപടി.
ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണം തനിക്ക് അനുകൂലമാണെന്ന് പറയാറായിട്ടില്ലെന്നും എന്നാല്‍ താന്‍ ഒരു ശുഭാപ്തിവിശ്വാസിയാണെന്നും ആ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലേക്ക് ഭാരവാഹി പട്ടികയുമായി പോകുന്നതിനിപ്പുറം വീണ്ടും ചര്‍ച്ചകള്‍ ഉണ്ടാകുമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനസംഘടനാകാര്യത്തില് സംസ്ഥാനനേതൃത്വം താനുമായി ചര്‍ച്ച നടത്തിയില്ലെന്ന ആരോപണവുമായി സുധീരന് നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് സുധീരനുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയോടും കെപിസിസി അധ്യക്ഷനോടും ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: