ന്യൂദല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിനെ നാമാവശേഷമാക്കണമെന്ന ആഹ്വാനത്തോടെ കളളപ്പണത്തിനെതിരെ യോഗാചാര്യന് ബാബാ രാംദേവ് ആറ് ദിവസം നടത്തിയ ഉപവാസം അവസാനിപ്പിച്ചു. ഏത് പ്രതിഷേധത്തിന്റെയും ഫലം നിര്‍ണയിക്കുന്നത് സര്‍ക്കാരല്ല ജനങ്ങളാണെന്ന് രാംദേവ് വ്യക്തമാക്കി.യുപിഎ സര്‍ക്കാര്‍ ജനങ്ങളെയും പാര്‍ലമെന്റിനെയും വഞ്ചിച്ചതായി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അനുയായികള്‍ക്ക് മുന്നില്‍ ഉപവാസം അവസാനിപ്പിച്ചുകൊണ്ട് ബാബാ രാംദേവ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ നീക്കി രാജ്യത്തെ രക്ഷിക്കാന്‍ (കോണ്‍ഗ്രസ് ഹഠാവോ, ദേശ് ബചാവോ) ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള പ്രതിഷേധത്തെ 400 ലേറെ എംപിമാര്‍ പിന്തുണച്ചതില്‍ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാംലീലാ മൈതാനത്തുനിന്നും പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ അറസ്റ്റ്ചെയ്ത രാംദേവിനെയും അനുയായികളെയും അംബേദ്കര്‍ സ്റ്റേഡിയത്തിലേക്ക് നീക്കിയിരുന്നു. വൈകിട്ടോടെ മോചിപ്പിച്ചെങ്കിലും സ്റ്റേഡിയം വിട്ടുപോകാതെ രാത്രി മുഴുവന്‍ രാംദേവും സംഘവും അവിടെതന്നെ കഴിച്ചുകൂട്ടി. ഇന്നലെ രാവിലെ രണ്ട് കുട്ടികള്‍ നല്കിയ പഴച്ചാറ് കഴിച്ചാണ് അദ്ദേഹം ഉപവാസം നിര്‍ത്തിയത്. ഹരിദ്വാറിലെ ആശ്രമത്തിലേക്ക് രാംദേവ് മടങ്ങിയതോടെ അനുയായികളും പിരിഞ്ഞു.
കള്ളപ്പണ പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നിലംപതിക്കുമെന്ന് രാംദേവ് ചൂണ്ടിക്കാട്ടി. മുലായംസിംഗും മായാവതിയും പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ താഴെ വീഴും. “ഞങ്ങള്‍ വിജയശ്രീലാളിതരായാണ് ഇവിടം വിട്ടു പോകുന്നത്. കള്ളപ്പണ പ്രശ്നത്തില്‍ എല്ലാവരോടും ഒന്നിക്കാനാണ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നേരിടുന്നത് അവരുടെ പ്രവര്‍ത്തികളുടെ ഫലമാണ്.” വിദേശത്ത് കെട്ടിക്കിടക്കുന്ന കള്ളപ്പണം തിരികെയെത്തിക്കാനുള്ള രാഷ്ട്രീയ ഇഛാശക്തിയും മര്യാദയും കാണിക്കാന്‍ അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് ആവശ്യപ്പെട്ടു. ഇതു ചെയ്തില്ലെങ്കില്‍ അദ്ദേഹത്തെ അഴിമതിക്കാരനായി കാണേണ്ടിവരും. രാഷ്ട്രീയമര്യാദ പാലിക്കാന്‍ കഴിയില്ലെങ്കില്‍ പ്രധാനമന്ത്രിപദമൊഴിയണം. രാംദേവ് ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനും ദാരിദ്ര്യത്തിനും ഉത്തരവാദിയായ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: