ആലുവ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനുവേണ്ടി ഗുണ്ടാപ്രവര്ത്തനങ്ങളേറ്റെടുക്കുന്ന സംഘത്തിന് സംസ്ഥാനാന്തര ബന്ധമുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പിടിയിലായ മൂവര്‍സംഘത്തെ ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎയും ചോദ്യംചെയ്യും. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ഹാലിം (35), പൊന്നാനി സ്വദേശി ഷംനാദ് (24), പെരുമ്പാവൂര്‍ സ്വദേശി അനസ് (26) എന്നിവരാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.
സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ ഇവരില്‍ ചിലരെ കണ്ടെത്താന്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പ്രതികളില്‍ പലരും ഒന്നിലേറെ മൊബെയില്‍ ഫോണുകളുപയോഗിക്കുന്നുണ്ട്. ലഷ്കര്‍ തൊയ്ബ കമാന്‍ഡര്‍ തടിയന്റവിട നസീറിന്റെ സംഘത്തില്‍പ്പെട്ട ഇവര്‍ അടുത്തിടെ നിരവധി ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായി സംശയിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യംചെയ്യുന്നതിനുവേണ്ടി ഇവരെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്യും.
തടിയന്റവിട നസീര്‍ ജയിലിലായശേഷം ഇപ്പോള്‍ ഹാലിമാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. വിവിധ ക്വട്ടേഷനുകള്‍ ഏറ്റെടുത്തശേഷം ഹാലിമാണ് ഇവ ഏത് വിധത്തില്‍ നടപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കുന്നത്. പലപ്പോഴും കൃത്യങ്ങള്‍ നടപ്പാക്കിയാലുടന്‍ ഇവര്‍ മാസങ്ങളോളം സംസ്ഥാനം വിട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. വിവിധ തീവ്രവാദകേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം ലഭ്യമാക്കാനും ഇവരുടെ കുടുംബത്തെ സംരക്ഷിക്കുവാനും പണം കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇവര്‍ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നത്.
ക്വട്ടേഷന്‍ മറയാക്കി കൂടുതല്‍ ക്രിമിനലുകളെ തീവ്രവാദപ്രവര്ത്തനങ്ങള്ക്കുവേണ്ടി റിക്രൂട്ട് ചെയ്യുവാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ഇവരുടെ സംഘത്തില്‍പ്പെട്ട ദീപയെന്ന സ്ത്രീ ഇപ്പോള്‍ തടിയന്റവിട നസീറിന് ജയിലില്‍ മൊബെയില്‍ സിംകാര്‍ഡ് എത്തിച്ചുനല്‍കിയ കേസില്‍ ജയിലിലാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ഇവര്‍ തീവ്രവാദപ്രവര്‍ത്തനം നടത്തിയിരുന്നതായും സംശയിക്കുന്നുണ്ട്. മൂന്നംഗ സംഘത്തിന് ക്വട്ടേഷന്‍ നല്കിയ വല്ലം സ്വദേശി അബുവിനുവേണ്ടി പെരുമ്പാവൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്. ഇയാള്‍ ആര് വഴിയാണ് ഇവരുമായി ബന്ധപ്പെട്ടതെന്നും ക്വട്ടേഷന്‍ സംഘത്തിന്റെ ഏജന്റുമാര്‍ ആരൊക്കെയാണെന്നും കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: