കണ്ണൂര്‍: കനത്ത പേമാരിയും ഉരുള്‍പൊട്ടലും പഴശി ഡാമിന് ഭീഷണിയാകുന്നു. ഡാം കവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടു പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞു. എത്രനേരം ജലത്തെ തടഞ്ഞു നിര്‍ത്താനാകും എന്നു വ്യക്തമല്ല. ഡാമിന്റെ ഒമ്പതു ഷട്ടറുകള്‍ തുറക്കാനാകാത്തതാണു സ്ഥിതിവിശേഷം രൂക്ഷമാക്കുന്നത്. കൂടാതെ ഡാമിന്റെ ഒരു വശത്തുള്ള മണ്ണ് ഒലിച്ചിറങ്ങുന്നുമുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെ ഡാം നിറഞ്ഞുകവിയാന്‍ തുടങ്ങിയിരുന്നു. ഡാമിലെ 16 ഷട്ടറുകളില്‍ 9 എണ്ണം മാത്രമാണ് തുറക്കാനായത്. ഏഴ് ഷട്ടറുകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ പാഴാവുകയായിരുന്നു. ജലവിഭവവകുപ്പ് എന്‍ജിനീയര്‍മാര്‍ ഷട്ടറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡാം കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സൈന്യത്തിന്റെ സഹായം തേടിയേക്കും. സൈന്യത്തിലെ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ സേവനമാകും തേടുക.
ഉളിക്കല്‍ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതം ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ പഴശി ഡാമിലെത്തും. ഇനിയും വെള്ളവും ചെളിയും കുത്തിയൊലിച്ചു ഡാമിലെത്തിയാല്‍ അതു പ്രശ്നം സൃഷ്ടിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇതു പഴശി ഡാമിനു താങ്ങാന്‍ കഴിയില്ലെന്നാണു പ്രാഥമിക നിഗമനം. തീരപ്രദേശത്തുള്ളവര്‍ വ്യാപകമായി ഒഴിഞ്ഞു പോകുകയാണ്.
ഡാമിന് സമീപത്തെ റോഡുകളും ഡാം പരിസരത്ത് ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച പാര്‍ക്കിലെ ഉപകരണങ്ങളും വെള്ളപ്പാച്ചിലില്‍ നശിച്ചു. 20 മീറ്ററോളം താഴ്ചയില്‍ പാര്‍ക്കിലെ മണ്ണ് ഒഴുകിപ്പോയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഒരു കോടിയോളം രൂപ ചെലവഴിച്ച് പാര്‍ക്ക് നിര്‍മിച്ചത്. ഡാമിന്റെ കനാലിലൂടെ വെള്ളം കുത്തിയൊഴുകിയതിനാല്‍ കൊട്ടാരം എന്ന സ്ഥലത്ത് നീര്‍പ്പാലത്തിനു സമീപമുള്ള കനാല്‍ തകര്‍ന്നു. കോണ്‍ക്രീറ്റ് ഭിത്തിയോടുകൂടിയ കനാലാണ് തകര്‍ന്നത്. വെള്ളത്തിന്റെ കുത്തിയൊഴുക്ക് തുടര്‍ന്നാല്‍ നീര്‍പ്പാലം നിലംപതിക്കുമെന്ന അവസ്ഥയാണ്.
വെള്ളപ്പാച്ചിലില്‍ കുയിലൂര്‍ മേഖലയിലെ ജനങ്ങള്‍ ഒറ്റപ്പെട്ടു. ഡാം കരകവിഞ്ഞ് ഒഴുകുന്നത് കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. എന്നാല്‍ ഇവരെ പരിസരത്തേക്ക് അടുപ്പിക്കാതെ പോലീസ് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ കഴിയാതെ വന്നതുള്‍പ്പെടെയുള്ള വീഴ്ചകള്‍ പരിശോധിക്കുമെന്ന് രാവിലെ സ്ഥലം സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: