ന്യൂദല്‍ഹി: ഉടമകള്‍ക്ക് അനുകൂലമായി നെല്ലിയാമ്പതി എസ്റ്റേറ്റ് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന് കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനാണ് സമയം ആവശ്യപ്പെട്ടത്.
നെല്ലിയാമ്പതി മിന്നാമ്പാറ എസ്റ്റേറ്റിന്റെ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി എസ്റ്റേറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കിയിട്ടുള്ളത്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഹര്‍ജി.
നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘനത്തിന്റെ പേരിലാണ് സര്‍ക്കാര്‍ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പാട്ടം റദ്ദാക്കിയുള്ള ഏറ്റെടുക്കല്‍ നടപടിക്കെതിരെ എസ്റ്റേറ്റുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഏറ്റെടുക്കലിന് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്കി.
ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരളസര്‍ക്കാര്‍ ഇപ്പോള്‍ കേസ് പരിഗണിക്കുന്നത് നീട്ടിത്തരണമെന്ന് ആവശ്യപ്പെടുകയാണ്.
നെല്ലിയാമ്പതിയില്‍ മീനാമ്പാറ എസ്റ്റേറ്റ് ഉള്‍പ്പെടെ നെല്ലിയാമ്പതി പ്ലാന്റേഷന്‍സിന്റെ കൈവശത്തിലുള്ള ഏകദേശം 200 ഏക്കര്‍ ഭൂമി കമ്പനിക്ക് അളന്നു തിട്ടപ്പെടുത്തി നല്കാന് സ്റ്റേ ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞിരുന്നു.
നെല്ലിയാമ്പതി പ്ലാന്റേഷന്‍സ് നേരത്തെതന്നെ 200 ഏക്കര്‍ കൈവശം വെക്കുന്നതാണെന്നും പുതിയ ഭൂമി അളന്നു തിട്ടപ്പെടുത്തി കൊടുക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
നെല്ലിയാമ്പതി പ്രശ്നം വന്‍വിവാദമായ സാഹചര്യത്തില്‍ കേസ് നടത്തിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ദല്‍ഹിയിലെത്തിയിരുന്നു. സുപ്രീംകോടതിയുടെ അഭിഭാഷകരുമായി അദ്ദേഹം നടത്തിയ കൂടിയാലോചനകള്‍ക്കുശേഷമാണ് കേസ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കാന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: