തിരുവനന്തപുരം: മന്ത്രിസഭയിലെ കോണ്‍ഗ്രസ്(ബി) പ്രതിനിധിയായ കെ ബി ഗണേഷ്കുമാറിനെ മുഖ്യമന്ത്രി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പാര്‍ട്ടി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. ഗണേഷ്കുമാര് പാര്‍ട്ടി പ്രതിനിധിയല്ലെന്നും വനം കേസുകള്‍ തോല്‍ക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
ഗണേഷിന് വനം വകുപ്പ് വേണ്ടെങ്കില്‍ കോണ്‍ഗ്രസിന് വിട്ടു കൊടുക്കാന്‍ തയ്യാറാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ വനം വകുപ്പ് കോണ്‍ഗ്രസിന് നല്‍കുന്നതാണ് നല്ലത്. സര്‍ക്കാരിന്റെ കാശ് പാഴാക്കാനാണ് ഗണേഷ് ലണ്ടന്‍ ഒളിമ്പിക്സിനായി പോയതെന്നും പിള്ള പറഞ്ഞു. ഗണേഷിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാള്‍ അഴിമതിക്കാരാനാണ്. അയാള്‍ മലയാളം പ്ലാന്റേഷന്റെ ലെയ്സണ്‍ ഓഫീസറായിരുന്നുവെന്നും പാര്‍ട്ടി യോഗത്തിന് ശേഷം പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗണേഷുമായുള്ള ചര്‍ച്ചയ്ക്കെന്നു പറഞ്ഞ് തന്നെ പലതവണ വിളിച്ചു വരുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വടിയാക്കുകയായിരുന്നു. ഇനി യു.ഡി.എഫ് യോഗത്തിലേക്കില്ല. യു.ഡി.എഫ് രൂപീകരിക്കുന്നതിന് മുഖ്യപങ്ക് വഹിച്ച തന്നെപ്പോലൊരാളെ പരിഹാസ്യനാക്കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ തിരിയാന്‍ മുഖ്യമന്ത്രിയും മറ്റുള്ളവരും ഗണേഷിനെ പ്രോത്സാഹിപ്പിക്കുകയാണ്. അധാര്‍മിക പ്രവൃത്തിക്ക് യു.ഡി.എഫിലെ ചിലരും കൂട്ടു നില്‍ക്കുകയാണെന്നും പിള്ള പറഞ്ഞു.
മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്റെ അഭിപ്രായം ശരിയാണ്. ആരോഗ്യവകുപ്പ് കുളമാക്കിയെന്നും പിള്ള പറഞ്ഞു. എന്നാല്‍ അതിന് കാരണക്കാരന്‍ വി.എസ്.ശിവകുമാറല്ല. അദ്ദേഹം അടുത്ത കാലത്ത് ആ വകുപ്പിലെത്തിയതാണ്. തന്റെ നാട്ടിലെ ഒരു ആശുപത്രിയിലെ അഴിമതി സംബന്ധിച്ച് കത്തയച്ചിട്ടും ആരോഗ്യ മന്ത്രി അതിന് മറുപടി അയച്ചില്ലെന്നും പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: