ന്യൂദല്‍ഹി: ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) ശുപാര്‍ശ ചെയ്തതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്പെക്ട്രം വില നിര്‍ണയിച്ച കേന്ദ്രസര്‍ക്കാരിന് ബിജെപിയുടെ രൂക്ഷവിമര്‍ശനം.
മിനിറ്റിന് അഞ്ച് പൈസയുടെ വര്‍ധനവരെ സേവനദാതാക്കള്‍ക്ക് വന്‍ ലാഭത്തിന് വഴിയൊരുക്കുമെന്ന് ട്രായ് ശുപാര്‍ശ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സ്പെക്ട്രത്തിന് 14,000 കോടി രൂപ അടിസ്ഥാനവിലയായി തീരുമാനിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി ചോദിച്ചു. 18,000 കോടി രൂപയാണ് ട്രായ് നിര്‍ദ്ദേശിച്ചിരുന്നത്. ട്രായ് നിര്‍ദ്ദേശിച്ചതിനേക്കാള്‍ 22 ശതമാനം കുറഞ്ഞ നിരക്കില്‍ സ്പെക്ട്രം വില നിര്‍ണയിക്കാന്‍ മന്ത്രിസഭ പരിഗണിച്ച കാരണങ്ങള്‍ വെളിപ്പെടുത്തണം. സ്പെക്ട്രം വില കുറക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും നടത്തിയ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. 2 ജി സ്പെക്ട്രം ഇടപാടില്‍ നഷ്ടമൊന്നുമില്ലെന്ന് ടെലികോംമന്ത്രി കപില്‍ സിബലിന്റെ മുന്‍ നിലപാട് തെറ്റാണെന്ന് പുതിയ വില നിര്‍ണയം തെളിയിക്കുന്നു, അദ്ദേഹം പറഞ്ഞു.
ഇതിനിടെ, സ്പെക്ട്രത്തിന്റെ അടിസ്ഥാനവില 14,000 കോടി രൂപയായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 1800 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ 5 മെഗാഹെര്‍ട്സ് പാന്‍-ഇന്ത്യ സ്പെക്ട്രത്തിന് 14,000 കോടി രൂപ എന്ന കരുതല്‍ വില മന്ത്രിസഭ അംഗീകരിച്ചതായി വാര്‍ത്താവിനിമയ ഐടി മന്ത്രി കപില്‍ സിബല്‍ വാര്‍ത്താലേഖകരെ അറിയിച്ചു. വില 15,000 കോടി രൂപയാക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അംബികാസോണിയും നിര്‍ദ്ദേശിച്ചു.
വന്‍ കുംഭകോണം പുറത്തായതിനെത്തുടര്‍ന്ന് സുപ്രീംകോടതി ഇക്കൊല്ലമാദ്യം 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയതിനുശേഷം ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ തുറന്ന ലേലം വഴി 2 ജി സ്പെക്ട്രം വില്‍ക്കാനൊരുങ്ങുന്നത്. സ്പെക്ട്രത്തിന് 14,000 കോടി രൂപ അടിസ്ഥാനവില നിര്‍ണയിച്ചത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഓപ്പറേറ്റര്‍മാരുടെ ബിസിനസ് താല്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഒാഫ് ഇന്ത്യ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: