തിരുവനന്തപുരം: വിളപ്പില്‍ ശാലയില്‍ മലിനീകരണ ശുദ്ധീകരണ പ്ലാന്റിനായി യന്ത്രസാമഗ്രികളുമായി എത്തിയ പോലീസും ജില്ലാ ഭരണകൂടവും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷമാണ് ശ്രമം അവസാനിപ്പിച്ച് പോലീസും അധികൃതരും മടങ്ങിയത്.
സ്ഥിതിഗതികള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം പി.കെ. ഗിരിജ വ്യക്തമാക്കി. കോടതിയുത്തരവ് നടപ്പിലാക്കാന്‍ കഴിയുന്നതും പരിശ്രമിച്ചു. എന്നാല്‍ ജനങ്ങളുമായി യുദ്ധത്തിന് ഒരുക്കമല്ലെന്നും അവര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിളപ്പില്‍ശാലയിലേക്ക് കോര്പ്പറേഷന് ജില്ലാ അധികൃതരുടെയും പോലീസിന്റെയും സഹായത്തോടെ യന്ത്രസാമഗ്രികള്‍ എത്തിച്ചത്.
പോലീസ് പിന്‍വാങ്ങിയതോടെ വിളപ്പില്ശലയിലെ ജനങ്ങള്‍ ആര്‍പ്പുവിളികളുമായി ആഹ്ളാദ പ്രകടനം നടത്തി. പോലീസ് നടപടി അവസാനിപ്പിച്ചതോടെ യന്ത്രങ്ങളുമായി എത്തിയ ലോറി മടങ്ങിപ്പോയി. പിന്നാലെ സ്ഥലത്തുണ്ടായിരുന്ന വന്‍ പോലീസ് സംഘവും മടങ്ങിപ്പോയി.
രാവിലെ 10.15ഓടെയാണ് ഫാക്ടറിയിലെ മലിനജല സംസ്കരണപ്ലാന്റിനായുള്ള യന്ത്രസാമഗ്രികള്‍ വിളപ്പില്‍ ശാലയിലേക്ക് എത്തിച്ചത്. എന്നാല്‍ ഫാക്ടറിയിലേക്കുള്ള റോഡുകള്‍ ഉപരോധിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ജനക്കൂട്ടം വാഹനം തടയുകയായിരുന്നു. പോലീസിന്റെ നീക്കം തടയാന്‍ സമരക്കാര്‍ റോഡില്‍ തീ കൂട്ടി. സ്ത്രീകള്‍ റോഡില്‍ പൊങ്കാലയിട്ട് പ്രതിഷേധിച്ചു. പൊങ്കാലക്കലങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വനിതാപോലീസുകാര്‍ക്ക് പൊള്ളലേറ്റു.
സ്ത്രീകള്‍ പരസ്പരം കെട്ടുപിണഞ്ഞ് കിടന്നാണ് പോലീസ് നടപടിയെ നേരിട്ടത്. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും നാട്ടുകാര്‍ ഇതു വകവയ്ക്കാതെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. മുന്‍ കരുതല്‍ നടപടിയെന്ന നിലയില്‍ രണ്ടായിരം പോലീസുകാരെ മേഖലയില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ വാഹനങ്ങള്‍ വിളപ്പില്‍ പഞ്ചായത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ ജനകീയ സമരസമതിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.
വിളപ്പില്‍ശാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിരോധത്തിന് മുന്നില്‍ ഇതും പ്രയോജനം ചെയ്തില്ല. റൂറല്‍ എസ്.പി എ.ജെ. തോമസുകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കളക്ടറുടെ ചുമതലയുള്ള എഡിഎം ഗിരിജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു യന്ത്രസാമഗ്രികള്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: