തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ പ്ലാന്റിനെതിരായ സമരത്തില്‍ പ്രദേശവാസികള്‍ക്കു പിന്തുണയുമായി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥലത്തെത്തി. സമരവേദിയിലെത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് സംയുക്ത സമരസമിതിക്കു പൂര്‍ണ പിന്തുണ അറിയിച്ചു.
നഗരസഭയെ സംബന്ധിച്ചടത്തോളം വിളപ്പിശാല ചവര്‍ ഫാക്ടറി പൊന്മുട്ടയിടുന്ന താറാവാണ്. മാലിന്യം സംസ്കരിക്കുന്നതിന് നഗരസഭയ്ക്ക് യാതൊരു താല്പര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിയെ മാനിക്കുന്നു. എന്നാല്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണു തിരുവനന്തപുരം നഗരസഭ അനുകൂലവിധി തരപ്പെടുത്തിയതെന്നു ശക്തന് പറഞ്ഞു.
മാലിന്യ പ്ലാന്റിനായി നഗരസഭ 60 കോടി രൂപയോളം ചെലവഴിച്ചു കഴിഞ്ഞു. എന്നിട്ടും പ്രശ്നത്തിന് പരിഹാരം കാണാനായിട്ടില്ല. ഇതിന് പിന്നില്‍ നഗ്നമായ അഴിമതിയാണ് നടക്കുന്നതെന്നും ശക്തന് ആരോപിച്ചു. മാലിന്യ പ്ലാന്റ് വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിളപ്പില്‍ശാലയില്‍ മാലിന്യ സംസ്കരണത്തിനുള്ള യന്ത്രങ്ങള്‍ കൊണ്ടുവരേണ്ട ആവശ്യമില്ല. കഴിഞ്ഞ ഏഴു മാസത്തോളമായി വിളപ്പില്‍ ശാലയില്‍ മാലിന്യസംസ്കരണം നടക്കുന്നില്ല. പിന്നെ എന്തിനാണ് പുതിയ യന്ത്രങ്ങള്‍ വിളപ്പില്‍ ശാലയിലേക്ക് കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം വിളപ്പില്‍ശാല സമരസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണയിലും എന്‍. ശക്തന് പങ്കെടുത്തിരുന്നു.
ഹൈക്കോടതി നിര്‍ദേശ പ്രകാരം വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന് ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കാനുള്ള നീക്കമാണു നഗരസഭയും പോലീസും നടത്തുന്നത്. അതേസമയം നിരോധനാജ്ഞ ലംഘിച്ചു രാവിലെ മുതല്‍ പ്രദേശവാസികള്‍ വിളപ്പില്‍ശാലയിലേക്കുള്ള റോഡ് ഉപരോധിക്കുന്നത് അടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചു. സ്ത്രീകള്‍ പൊങ്കാല അടുപ്പുകള്‍ റോഡില്‍ തയാറാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: