ലണ്ടന്‍: ബാഡ്മിന്റണ്‍ സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ പി. കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഒളിമ്പിക്സ് ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പുരുഷ ബാഡ്മിന്റണ്‍ താരം സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. ശ്രീലങ്കയുടെ നിലുക കരുണാരത്നയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കശ്യപ് ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍ 21-14, 15-21, 21-9. ആദ്യ സെറ്റില്‍ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ചശേഷമാണ് കശ്യപിന് വിജയിക്കാന്‍ കഴിഞ്ഞത്. രണ്ടാം സെറ്റില്‍ ശ്രീലങ്കന്‍ താരം വിജയം പിടിച്ചെടുത്തപ്പോള്‍ നിര്‍ണ്ണായകമായ മൂന്നാം സെറ്റ് ഇന്ത്യന്‍ താരത്തിനൊപ്പംനിന്നു. മികച്ച വെല്ലുവിളിയാണ് കരുണാരത്നെ കശ്യപിന് മുന്നില്‍ കാഴ്ചവെച്ചത്. എന്നാല്‍ തന്റെ മെച്ചപ്പെട്ട പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കുകയായിരുന്നു. അട്ടിമറി സൃഷ്ടിച്ചുകൊണ്ടാണ് ഇരുതാരങ്ങളും പ്രീക്വാര്‍ട്ടറില്‍ എത്തിയിരുന്നത്. ഇരുപത്തിയൊന്നാം റാങ്കുകാരനായ കശ്യപ് പതിനൊന്നാം റാങ്കുകാരനായ വിയറ്റ്നാമിന്റെ തിയെന് മിന് എന്ഗുയെന്നിനെ തോല്പിച്ചപ്പോള് ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിച്ച ജപ്പാന്റെ എട്ടാം സീഡ് കെനിച്ചി താഗോയെ അട്ടിമറിച്ചാണ് കരുണരത്നെ പ്രീക്വാര്‍ട്ടറിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: