പാലക്കാട്: എം.എം. ഹസന് കണ്‍വീനറായ യു.ഡി.എഫ് ഉപസമിതി ഇന്നും നാളെയും നെല്ലിയാമ്പതിയില്‍ സന്ദര്‍ശനം നടത്തും. ചെറുനെല്ലിയടക്കം ഒമ്പത് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതു രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.
നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് മേഖലകള്‍ മുന്‍വിധിയോടെയായിരിക്കില്ല യു.ഡി.എഫ് ഉപസമിതി സന്ദര്‍ശിക്കുകയെന്ന് എം.എം. ഹസന് പറഞ്ഞു. എസ്റ്റേറ്റ് ഏറ്റെടുക്കാനല്ല തൊഴില്‍ പ്രശ്നം പഠിക്കാനാണു സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഒരു മുന്നണിയുടെ ഉപസമിതി സന്ദര്‍ശനം നടത്തുന്നത് ഇതിനെ അട്ടിമറിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹസന്റെ പ്രതികരണം. ഒരു ജനകീയ പ്രശ്നമെന്ന നിലയിലാണ് സമിതി ഇക്കാര്യം പരിഗണിക്കുന്നതെന്നും കൃഷിക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും ഹസന് പറഞ്ഞു.
സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് ഒരു മാര്‍ഗനിര്‍ദേശ രേഖ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.സി. ജോര്‍ജ്, കെ.ആര്. അരവിന്ദാക്ഷന്, വര്‍ഗീസ് ജോര്‍ജ്, ഡോ. വേണുഗോപാലന്‍ നായര്‍, എം. ഷംസുദ്ദീന് എന്നിവരാണു സമിതിയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: