തിരുവനന്തപുരം: ടി.വി രാജേഷ് എം.എല്‍.എയുടെ ഫോണ്‍ ചോര്‍ത്തിയ ആരോപണത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അവകാശ ലംഘന നോട്ടീസ്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് എളമരം കരീം സ്പീക്കര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.
അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കുന്നതിനും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പീക്കര്‍ തയ്യാറാകണമെന്ന് എളമരം കരീം പരാതിയില്‍ ആവശ്യപ്പെട്ടു. അംഗങ്ങളുടെ ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചിരുന്നു.
എന്നാല്‍ ചോദ്യത്തിന് ഉത്തരമായി രേഖാമൂലം നല്കിയ മറുപടിയില്‍ അതീവ രഹസ്യമായതിനാല്‍ ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് വെളിപ്പെടുത്താന്‍ കഴിയില്ല എന്നാണ് മന്ത്രി മറുപടി നല്‍കിയത്. ഇതേ തുടര്‍ന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കോടിയേരി ബാലകൃഷ്ണന് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെടുത്തി പി. ജയരാജന്റെയും ടി.വി. രാജേഷിന്റെ ഫോണ്‍കോളുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയതായാണ് ആരോപണം. ഫോണ്‍ സംഭാഷണത്തിന്റെ ഭാഗങ്ങള്‍ ഇന്നലെ ചോദ്യം ചെയ്യലിനിടെ പോലീസ് കേള്‍പ്പിച്ചതായി ടി.വി. രാജേഷ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: