മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ ലഷ്ക്കര്‍ ഭീകരന് അബു ജുണ്ടാലിന്റെ ശബ്ദ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. മുംബൈ ആക്രമണം നടന്ന രാത്രിയില്‍ ഭീകരര്‍ തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണ ടേപ്പിലെ ശബ്ദവുമായി താരതമ്യ പഠനം നടത്തും.
മുംബൈ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വച്ചാണ് പരിശോധന നടത്തുന്നത്. പരിശോധനയ്ക്കായി നരിമാന് ഹൗസില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു നിര്‍ദേശം നല്കിയ ആള് പറഞ്ഞ വാക്കുകള്‍ ജുണ്ടാലിനെക്കൊണ്ട് പറയിച്ചിട്ടുണ്ട്. “ഇതു ട്രെയ്ലര് ആണ്, സിനിമ കാണാനിരിക്കുന്നതേയുള്ളൂ’ എന്നായിരുന്നു നിര്‍ദേശം. ഉര്‍ദു കലരാത്ത ശുദ്ധഹിന്ദിയില്‍ പറഞ്ഞത് ഇയാളാണെന്ന സംശയം സ്ഥിരീകരിക്കാനാണിത്.
ആക്രമണത്തിനു നിര്‍ദേശം നല്‍കിയവര്‍ക്കൊപ്പം ഒരു ഇന്ത്യക്കാരന് പാക് കണ്ട്രോള് റൂമില്‍ ഉണ്ടായിരുന്നുവെന്നതിന്റെ ആദ്യ തെളിവാണിത്. ശബ്ദം ഇയാളുടേതെന്നു തെളിഞ്ഞാല്‍ കേസില്‍ നിര്‍ണായക തെളിവാകുമത്. ദല്‍ഹി പോലീസിന്റെ കസ്റ്റഡിയില്‍ നിന്നു മുംബൈ പോലീസിന് ഇയാളെ കഴിഞ്ഞയാഴ്ചയാണു വിട്ടുകിട്ടിയത്.
ഔറംഗബാദ് ആയുധയിടപാട് കേസിലും ജര്മ്മന്ബേക്കറി സ്ഫോടനക്കേസിലും ജുണ്ടാല്‍ മുഖ്യപ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: