ഡമാസ്കസ്: ജോര്‍ദാനിലേക്കു പലായനം ചെയ്യുകയായിരുന്ന ആറ് വയസുകാരനെ സിറിയന്‍ സേന വെടിവച്ചു കൊന്നു. ബിലാല്‍ അല്‍ ലബാദിദിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍ക്കൊപ്പം രാത്രിയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവയ്പ്പുണ്ടായതോടെ കുടുംബാംഗങ്ങള്‍ ചിതറിയോടുകയായിരുന്നു. അമ്മയോടൊപ്പമായിരുന്ന ബിലാല്‍ വെടിവയ്പിനിടെ അമ്മയുടെ കൈയ്യില്‍ നിന്നു വിട്ടുപോയിരുന്നു. ഇരുട്ടില്‍ ജോര്‍ദാന്‍ മണ്ണിലേയ്ക്കു ഓടിക്കയറുന്നതിനിടെയാണ് ബിലാലിനു വെടിയേറ്റത്. അതിര്‍ത്തി കടന്നിരുന്നെങ്കിലും കഴുത്തില്‍ വെടിയേറ്റ ബിലാല്‍ മരണപ്പെട്ടു.
അതേസമയം, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിലാലിന്റെ പിതാവിനു ജോര്‍ദാനിലേയ്ക്കു കടക്കാന്‍ കഴിഞ്ഞില്ല. സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്ന ബാഷര്‍ അല്‍ അസാദ് ക്രിമിനലാണ്. അസാദിന്റെ ക്രൂരത ലോകം നോക്കിനില്‍ക്കുകയാണെന്നും ഇതിനെതിരെ ചെറുവിരല്‍പോലും അനക്കുന്നില്ലെന്നും ബിലാലിന്റെ അമ്മ കുറ്റപ്പെടുത്തുന്നു.
1,40,000 സിറിയക്കാരാണ് അഭയം തേടി ജോര്ദാനിലെത്തിയിരിക്കുന്നത്. സിറിയയില്‍ നിന്നു അയല്രാജ്യത്തേയ്ക്കുള്ള പലായനം തടയുന്നതിനായി അതിര്‍ത്തിയില്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ മറ്റൊരു സിറിയന്‍ പൗരനും പലായനശ്രമത്തിനിടെ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: