ആലപ്പുഴ: വൈദ്യുതി നിരക്കു വര്‍ധിപ്പിച്ചതു സ്വാഭാവികമാണെന്നു കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍. പുറത്തു നിന്നു കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതാണു നിരക്കു കൂടാന്‍ കാരണം. കേന്ദ്ര പൂളില്‍ നിന്ന് ഇനി കേരളത്തിന് അധിക വൈദ്യുതി വിഹിതം നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള കേന്ദ്ര വിഹിതം സര്‍വകാല റെക്കോഡ് ആണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. പുറത്തു നിന്നു വൈദ്യുതി വാങ്ങുമ്പോള്‍ കമ്പോളത്തിലുണ്ടാകുന്ന നിരക്കു വ്യത്യാസം പ്രതിഫലിക്കുന്നതു സ്വാഭാവികമാണ്. നിരക്കു വര്‍ധന ജനങ്ങളെ ബാധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സബ്സിഡി ഏര്‍പ്പെടുത്തും. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതിയുടെ അടിസ്ഥാനത്തിലെ സബ്സിഡി അനുവദിക്കാന്‍ സാധിക്കൂ.
ചെലവു കുറഞ്ഞ വൈദ്യുതി ഉത്പാദനത്തെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതത്തിനു വഴിവയ്ക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: