ന്യൂദല്‍ഹി: രാജ്യത്തെ കടുവാ സങ്കേതങ്ങളിലെ വിനോദസഞ്ചാരം സുപ്രീംകോടതി വിലക്കി. ഇത് സംബന്ധിച്ച് കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഈ സ്ഥിതി തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കടുവയുടെ ആവാസ കേന്ദ്രങ്ങള്‍ നിശ്ചയിക്കാത്ത സംസ്ഥാനങ്ങളെ കോടതി വിമര്‍ശിക്കുകയും ചെയ്തു.
കടുവാസങ്കേതങ്ങള്‍ ബഫര്‍സോണുകളായി പ്രഖ്യാപിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും 50,000 രൂപ വരെ പിഴയീടാക്കുമെന്നും കോടതി വ്യക്തമാക്കി. കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ ചട്ടങ്ങള്‍ ലംഘിച്ചു നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
ജസ്റ്റിസുമാരായ സ്വതന്ത്ര കുമാര്‍, ഇബ്രാഹിം എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണം അതീവ പ്രാധാന്യത്തോടെ കാണണമെന്നു കോടതി നിര്‍ദേശിച്ചു. കടുവയുടെ ആവാസ കേന്ദ്രങ്ങള്‍ നിശ്ചയിക്കാത്ത ബിഹാര്‍, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, മഹരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ സംസ്ഥാനങ്ങളില്‍ നിന്നു 10,000 രൂപ വീതം പിഴ ഈടാക്കാനും ഉത്തരവിട്ടു.
ജൂലൈ പത്തിന് ആവാസ കേന്ദ്രം നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സുപ്രീംകോടതി രണ്ടാഴ്ച സമയം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: