തിരുവനന്തപുരം : പൗരന്മാര്ക്ക് നിശ്ചിതസമയത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനം നിര്‍ബന്ധമായും നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സേവനാവകാശബില്‍ നാളെ പാസാകുന്നതോടെ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും ലഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ എന്തുസേവനങ്ങളും നിശ്ചിതസമയത്തിനുള്ളില്‍ പൗരന് ലഭിക്കും. ബില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അവതരിപ്പിച്ചത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു പൗരന് ലഭിക്കുന്ന സേവനങ്ങളെന്തൊക്കെ എന്നതു സംബന്ധിച്ച് അതാത് വകുപ്പുകള്‍ ആറുമാസത്തിനകം വിജ്ഞാപനം ചെയ്യണം. ബില്ലിലെ വ്യവസ്ഥ പ്രകാരം സേവനം ലഭിക്കുന്നതിനുള്ള സമയക്രമം വകുപ്പുകള്‍ നിശ്ചയിക്കണം. ഈ സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പിഴയൊടുക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2012ലെ സേവനാവകാശ ബില്‍ പ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവ നല്കുന്ന സേവനങ്ങളെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. ഇവ നല്കുന്ന സേവനങ്ങള്‍ ഗസറ്റില്‍ വിഞ്ജാപനം ചെയ്യണം. സേവനം ലഭിക്കുന്നതിനായി പൗരന് അപേക്ഷ സമര്‍പ്പിക്കേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും സേവനത്തിനായുള്ള നിശ്ചിതസമയപരിധിയും നിശ്ചയിക്കണം. സേവനം എത്രസമയത്തിനകം ലഭ്യമാക്കാം എന്ന് അപേക്ഷകനെ രേഖാമൂലം അറിയിക്കണം.
നിയമംവഴി ജനനസര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍, വാസസ്ഥല സര്‍ട്ടിഫിക്കറ്റുകള്‍, മരണ സര്‍ട്ടിഫിക്കറ്റുകള്‍, വീടുകള്‍ക്കും കടകള്‍ക്കുമുള്ള വൈദ്യുതി കണക്ഷന്, വാട്ടര്‍ കണക്ഷന്, പാസ്പോര്‍ട്ട് വെരിഫിക്കേഷന് റിപ്പോര്‍ട്ട്, തൊഴില്‍ വെരിഫിക്കേഷന് റിപ്പോര്‍ട്ട് തുടങ്ങിയവ പോലുള്ള പൊതുസേവനങ്ങള്‍ ഈ നിയമത്തിന്റെ കീഴില്‍ വരും.
സേവനം നിഷേധിക്കുന്ന ഉദ്യോഗസ്ഥന് 500 മുതല്‍ 5,000രൂപ വരെ പിഴ ചുമത്തും. സേവനം ലഭിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ താമസം വരുത്തിയ ഓരോ ദിവസത്തിനും 250രൂപ നിരക്കിലായിരിക്കും പിഴ. പിഴത്തുക 5,000രൂപ കവിയാന്‍ പാടില്ല. ബില്‍ പ്രാബല്യത്തിലല് വരുന്നതോടെ സര്‍ട്ടിഫിക്കറ്റുകള്‍ തേടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാകില്ല. അപേക്ഷ ലഭിച്ചാല്‍ നിശ്ചിത ദിവസത്തിനകം സേവനം ലഭ്യമാക്കുകയോ, അപേക്ഷ നിരസിക്കുകയാണെങ്കില്‍ കാരണം രേഖാമൂലം വ്യക്തമാക്കണം. സേവനം ലഭിച്ചില്ലെങ്കിലോ അപേക്ഷ നിരസിക്കുകയാണെങ്കിലോ നിശ്ചിതഫീസടച്ച് മുപ്പത് ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാം. ഇതിനായി രണ്ട് അപ്പലേറ്റ് അതോറിറ്റികളുണ്ടാകും. ആദ്യം ഒന്നാം അതോറിറ്റിയെയാണ് സമീപിക്കേണ്ടത്. ഒന്നാം അഥോറിറ്റിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ രണ്ടാം അതോറിറ്റിയെ സമീപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: