കാണ്‍പൂര്‍: സ്വാതന്ത്ര്യ സമര സേനാനിയും സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ വനിതാ വിഭാഗമായ ഝാന്‍സിറാണി റെജിമെന്റില്‍ ക്യാപ്റ്റനുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സെഗാള്‍ (97) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച കാണ്‍പൂരിലെ ആശുപത്രിയിള്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ 11.20 നായിരുന്നു അന്ത്യം.
ഡോക്ടറും സാമൂഹിക പ്രവര്‍ത്തകയുമായ ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ലക്ഷ്മി സെഗാള്‍ കേരളത്തിലെ പ്രശസ്തമായ ആനക്കര തറവാട്ടിലെ അംഗവും സ്വാതന്ത്ര്യസമരസേനാനി അമ്മു സ്വാമിനാഥന്റെ മകളുമാണ്. മുന്‍ എം.പി സുഭാഷിണി അലി മകളും പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായി സഹോദരിയുമാണ്.
1914 ഒക്ടോബര്‍ 24 ന് ജനിച്ച ക്യാപ്റ്റന്‍ ലക്ഷ്മി ആസാദ് ഹിന്ദ് സര്‍ക്കാരില്‍ വനിതാക്ഷേമ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രട്ടീഷ് ഇന്ത്യയിലെ മദിരാശി പ്രസിഡന്‍സിയിലായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം. സാമൂഹ്യപ്രവര്‍ത്തകയായിരുന്ന അമ്മ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 1938 ല്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദമെടുത്ത ലക്ഷ്മി പിന്നീട് ഗൈനക്കോളജിയില്‍ സ്പെഷ്യലൈസ്ഡ് ഡിപ്ലോമയും നേടി.
അവസാനകാലം വരെ കാണ്‍പൂരില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. പഠനത്തിന് ശേഷം 1940 ല്‍ സിംഗപ്പൂരിലേക്ക് പോയ അവര്‍ ഇന്ത്യക്കാരായ കുടിയേറ്റക്കാര്‍ക്ക് വേണ്ടി അവിടെ ക്ലിനിക്ക് തുടങ്ങി. തുടര്‍ന്നാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1943 ല്‍ സിംഗപ്പൂരിലെത്തിയ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടയായാണ് അവര്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേരുന്നത്.
സ്വാതന്ത്ര്യ സമരം പൂര്‍ത്തീകരിക്കണമെങ്കില്‍ ഐഎന്‍എയില്‍ വനിതാ റെജിമെന്റ് വേണമെന്ന് നേതാജി പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചിരുന്നു. ഇതനുസരിച്ച് രൂപീകരിച്ച റാണി ഝാന്‍സി റെജിമെന്റിലായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി അംഗമായത്. ഏഷ്യയിലെ ആദ്യ വനിതാസായുധ യൂണിറ്റായിരുന്നു ഇത്. പിന്നീട് ഇവര്‍ക്ക് കേണല്‍ റാങ്ക് ലഭിക്കുകയും ചെയ്തു. 1971 ല്‍ പിന്നീട് ഇവര്‍ സിപിഎമ്മില്‍ ചേരുകയും ചെയ്തു. 1998ല്‍ പത്മവിഭൂഷണ്‍ നല്കി രാഷ്ട്രം ഇവരെ ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: