ന്യൂദല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. വി.എസിനെ പരസ്യമായി ശാസിച്ച ശേഷമുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.
കൂടിക്കാഴ്ചയ്ക്ക് ശേഷം 10.45 ഓടെ പുറത്തേക്ക് വന്ന ഇരുവരും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായില്ല. ആദ്യം മാധ്യമപ്രവര്‍ത്തകരുടെ മൈക്ക് അവഗണിച്ച് നടന്നുനീങ്ങിയ വി.എസ് വസ്തുതകളെല്ലാം ഇന്നലെ ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ടല്ലോയെന്ന് മാത്രം പ്രതികരിച്ചു. പിന്നെയും ചോദ്യങ്ങളുയര്‍ന്നപ്പോള്‍ കേരളത്തിലേക്ക് മടങ്ങേണ്ട വിമാനടിക്കറ്റ് തന്റെ പോക്കറ്റിലിരിക്കുകയാണെന്നും ഇനിയും വൈകിയാല്‍ യാത്ര മുടങ്ങുമെന്നുമായിരുന്നു വി.എസിന്റെ മറുപടി.
കേരളത്തിലെ സംഘടനാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചേര്‍ന്ന നേതൃയോഗത്തിനിടെയായിരുന്നു വി.എസിനെ പരസ്യമായി ശാസിച്ചത്. എന്നാല്‍ താന്‍ ഉന്നയിച്ച ടി.പി. ചന്ദ്രശേഖരന് വധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ നിലപാടില്‍ വി.എസിന് കടുത്ത അമര്‍ഷമുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: