ന്യൂദല്‍ഹി: അച്ചടക്ക ലംഘനം നടത്തിയ വി.എസ്.അച്യുതാനന്ദനെ പരസ്യമായി ശാസിക്കാന്‍ ദല്‍ഹിയില്‍ രണ്ടു ദിവസമായി ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി സൂചന. പോളിറ്റ്ബ്യൂറോ യോഗത്തില്‍ ഉണ്ടായ ഈ നിര്‍ദ്ദേശം കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയില്‍ വച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച നടക്കുകയാണ്.
വി.എസിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിനെ സി.പി.എം ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ നടപടി വേണ്ട എന്ന നിലപാട് ആരും സ്വീകരിച്ചതുമില്ല. ഇതുകൂടി കണക്കിലെടുത്താണ് വി.എസിനെ പരസ്യമായി ശാസിക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചത്. എന്നാല്‍ തനിക്കെതിരെ ഏകപക്ഷീയമായി സ്വീകരിക്കുന്ന നടപടി അംഗീകരിക്കില്ലെന്ന നിലപാട് വി.എസ് സ്വീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തെയും വിമര്‍ശിക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറായേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, ഔദ്യോഗിക പക്ഷത്തിന് തിരിച്ചടി നല്കി ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പി.ബി നിര്‍ദേശിച്ചു. കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ സംബന്ധിച്ച് വി.എസ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ വിളിച്ചുവരുത്തി നിലപാട് ആരാഞ്ഞിരുന്നു. വി.എസിനെതിരേ നടപടി വേണമെന്ന് കേന്ദ്രകമ്മറ്റിയോഗത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാവിലെ പോളിറ്റ് ബ്യൂറോ യോഗത്തിലേക്ക് വി.എസിനെ വിളിച്ചുവരുത്തി നിലപാട് ആരാഞ്ഞത്.
മുക്കാല്‍ മണിക്കൂറോളം അദ്ദേഹം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുത്തു. പുറത്തുവന്ന വി.എസിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകരോട് ഒന്നും പങ്കുവെയ്ക്കാനുദ്ദേശിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പത്രപ്രവര്‍ത്തകരോട് തനിക്ക് നല്ല ബഹുമാനവും സ്നേഹവുമാണെന്നും എന്നാല്‍ വഴി മുടക്കി നിന്നാല്‍ ബലമായി പോകേണ്ടിവരുമെന്നും പറഞ്ഞ് വി.എസ് കാറിലേക്ക് കയറുകയായിരുന്നു.
രാവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായും വി.എസ് കൂടിക്കാഴ്ച നടത്തിയിരുന്നു. കാരാട്ട് ആവശ്യപ്പെട്ടത് പ്രകാരം രാവിലെ ദല്‍ഹിയിലെ എ.കെ.ജി ഭവനിലെത്തിയാണ് വി.എസ് അദ്ദേഹത്തെ കണ്ടത്. ഇതിനുശേഷമാണ് വി.എസിനെ പോളിറ്റ് ബ്യൂറോയിലേക്ക് വിളിച്ചുവരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: