ന്യൂദല്‍ഹി: അസമിലെ കൊക്രഹറില് രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീയടക്കം ഒമ്പതു പേര് മരിച്ചു. പതിനഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറു വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യത്തെ വിന്യസിച്ചു.
പ്രശ്നം വഷളാകാതിരിക്കാന്‍ മേഖലയിലേക്കു കൂടുതല്‍ സേനയെ അയയ്ക്കാന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് തയാറാകണമെന്നു ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ മേധാവി ഹഗ്രാമ മൊഹിലറി ആവശ്യപ്പെട്ടു. രാഷ്ട്രീയമുതലെടുപ്പാണ് ഇപ്പോഴത്തെ അക്രമങ്ങള്‍ക്കു പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോയ്പൂരില്‍ വെള്ളിയാഴ്ച രാത്രി ബോഡോ വിമോചന സേന (ബി.എല്‍.ടി) എന്ന സംഘടനയുടെ നാലു നേതാക്കളെ അജ്ഞാതര്‍ വധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിനു തുടക്കം. ഇതിനു പ്രതികാരമെന്നോണം ദുരമരിയില് ഇന്നലെ ബോഡോ കലാപകാരികളെന്നു സംശയിക്കുന്നവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 14 വയസുള്ള സാകിര്‍ അലി എന്നയാളെ കല്ലെറിഞ്ഞുകൊല്ലുകയും മറ്റൊരാളെ വെടിവച്ചുകൊല്ലുകയും ചെയ്തു.
കൊക്രഹര് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. അക്രമികള്‍ ഏതാനും വാഹനങ്ങള്‍ക്കും തീയിട്ടു. ബോഡോ വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് അക്രമങ്ങള്‍ക്കു പിന്നിലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ മേധാവി മൊഹിലാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: