ന്യൂദല്‍ഹി: കേരളഘടകത്തിലെ പാര്‍ട്ടി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിലും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരസ്പരം ഏറ്റുമുട്ടി. തെറ്റ് പറ്റിയത് തനിക്കല്ല, സംസ്ഥാന നേതൃത്വത്തിനാണ് എന്ന് വിഎസ് ആരോപിച്ചപ്പോള്‍ തെറ്റ് തിരുത്താന്‍ അവസരം നല്‍കിയിട്ടും വിഎസ് അത് വേണ്ടവിധം വിനിയോഗിച്ചില്ലെന്ന് പിണറായിയും തിരിച്ചടിച്ചു.
പാര്‍ട്ടി സംസ്ഥാന നേതൃത്വം തെറ്റിലൂടെയാണ് പോകുന്നത്. ടി.പി.ചന്ദ്രശേഖരന് വധക്കേസ് സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതി ശരിയല്ല. പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടി നയത്തില്‍നിന്ന് വ്യതിചലിച്ചു. പാര്‍ട്ടി സംസ്ഥാന സമിതിയംഗം വരെ ടിപി വധക്കേസില്‍ ഉള്‍പ്പെട്ടു. എന്നിട്ടും നടപടിയെടുക്കും എന്ന് പറയുന്നതല്ലാതെ സെക്രട്ടറി പ്രവര്‍ത്തിക്കുന്നില്ലെന്നും വിഎസ് പറഞ്ഞു. ഈ തെറ്റുകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തത്, വിഎസ് കുറ്റപ്പെടുത്തി.
തെറ്റ് തിരുത്താന്‍ അവസരം നല്‍കിയിട്ടും വിഎസ് ഇത് വേണ്ടവിധം വിനിയോഗിച്ചില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍പോലും വിഎസിന്റെ നിലപാട് തിരിച്ചടിയായി. ടിപി വധത്തില്‍ പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ വിഎസിന്റെ പ്രസ്താവനകള്‍ കാരണമായെന്നും പിണറായി കേന്ദ്രകമ്മറ്റി യോഗത്തില്‍ വാദിച്ചു.
വലതുപക്ഷ വല്‍ക്കരണമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമെന്ന് വിഎസ് ചൂണ്ടിക്കാട്ടി. ഇത് അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമാണെന്നും അഭിപ്രായപ്പെട്ടുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
നേതാക്കളെയും പാര്‍ട്ടിയെയും വിമര്‍ശിക്കുന്നവരെ കടന്നാക്രമിക്കുന്ന സമീപനമാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. എതിര്‍ക്കുന്നവരെ നിശബ്ദരാക്കാനാണ് ശ്രമം. നിശബ്ദരാകാത്തവരെ ഇല്ലാതാക്കാന്‍ തുനിയുന്നുവെന്നും വിഎസ് പറഞ്ഞു. ടി.പി.ചന്ദ്രശേഖരന് വധം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ടിപി വധത്തില്‍ പാര്‍ട്ടിയിലെ ഒരു ഡസനോളം നേതാക്കള്‍ക്ക് പങ്കുണ്ട്. അറസ്റ്റിലായവരില്‍ 23 പേര് പാര്‍ട്ടി അംഗങ്ങളാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാനാവില്ല. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിക്കൊപ്പം തന്നെ പ്രതീക്ഷിക്കേണ്ടെന്നും വിഎസ് തുറന്നടിച്ചു.
ലാവലിന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും പാര്‍ട്ടിയുടെ പിഡിപി ബാന്ധവത്തെകുറിച്ചും വിഎസ് പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ കേന്ദ്ര കമ്മറ്റിയില്‍ സംസാരിക്കുന്ന പതിവില്ലെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് യോഗത്തില്‍ സംസാരിച്ചു. കഴിഞ്ഞമാസം ചേര്‍ന്ന കേന്ദ്രകമ്മറ്റിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് വിഎസ് ഇക്കുറിയും ഉന്നയിച്ചത്.
പിണറായിപക്ഷത്തുനിന്ന് സംസാരിച്ച എ. വിജയരാഘവന് വി.എസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു. പിണറായിപക്ഷക്കാരനായി അറിയപ്പെടുന്ന മുന്‍മന്ത്രി തോമസ് ഐസക് പക്ഷേ, വി.എസിനെ പരോക്ഷമായി പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതിരുന്ന എം.സി. ജോസഫൈന് വി.എസിനെതിരെ അച്ചടക്ക നടപടി പാടില്ലെന്ന് കാണിച്ച് കത്ത് നല്‍കുകയും ചെയ്തു.
അതേസമയം, കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള വ്യക്തതയുമില്ലെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. വിഎസിന്റെ പ്രസ്താവനകള്‍ അച്ചടക്കത്തിന്റെ പരിധി ലംഘിക്കുന്നതാണെങ്കിലും ഇക്കാര്യത്തില്‍ പിണറായിയും കുറ്റക്കാരനാണെന്ന നിലപാടാണ് പല കേന്ദ്ര നേതാക്കള്‍ക്കുമുള്ളത്.
ടി.പി.ചന്ദ്രശേഖരനെ വിഎസ് ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചത് ടിപി കുലംകുത്തിയാണെന്ന പിണറായിയുടെ അധിക്ഷേപത്തിന് മറുപടിയായാണ്. വിഎസിനെതിരെ നടപടിയെടുത്തുകൊണ്ടുമാത്രം തീരുന്ന പ്രശ്നമല്ല കേരളഘടകത്തില്‍ നിലനില്ക്കുന്നതെന്ന പൊതുവികാരം പല നേതാക്കളും പങ്കുവെക്കുന്നുണ്ട്. വിഎസിനെതിരെ കടുത്ത നടപടികളെടുത്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: