ന്യൂദല്‍ഹി: പ്രത്യയശാസ്ത്രപരമായ അച്ചടക്കം ലംഘിച്ചത് സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. വലതുപക്ഷ വത്കരണമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഇത് അടിയന്തര പ്രാധ്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും കേന്ദ്ര കമ്മിറ്റിയില്‍ സംസാരിക്കവെ വി.എസ് പറഞ്ഞു.
നേതാക്കളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ കടന്നാക്രമിക്കുന്നു. എതിര്‍ക്കുന്നവരെ നിശബ്ദരാക്കാനാണ് ശ്രമം. നിശബ്ദരാകാത്തവരെ ഇല്ലാതാക്കാന്‍ തുനിയുന്നുവെന്നും വി.എസ് പറഞ്ഞു. ടി.പി.ചന്ദ്രശേഖരന് വധം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ടി.പി വധത്തില്‍ പാര്‍ട്ടിയിലെ ഒരു ഡസനോളം നേതാക്കള്‍ക്ക് പങ്കുണ്ട്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഒഴിഞ്ഞു മാറാനാവില്ല. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിക്കൊപ്പം തന്നെ പ്രതീക്ഷിക്കേണ്ടെന്നും വി.എസ് തുറന്നു പറഞ്ഞു. ലാവ്ലിന്, പി.ഡി.പി ബന്ധം തുടങ്ങിയ കാര്യങ്ങളും വി.എസ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പി.ബി.അംഗം എം.എ.ബേബിയാണ് വി.എസിന്റെ പ്രസംഗം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത്. പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ സംസാരിക്കുന്ന പതിവില്ലെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് യോഗത്തില്‍ സംസാരിച്ചു.
വി.എസിന്റെ വാദങ്ങളെ ഖണ്ഡിച്ച പിണറായി, അദ്ദേഹം ഒരിക്കല്‍ പോലും പാര്‍ട്ടിക്ക് വഴങ്ങാന്‍ കൂട്ടാക്കിയില്ലെന്നും പറഞ്ഞു. മുതിര്‍ന്ന നേതാവെന്ന പരിഗണന നല്കി വി.എസിന് തെറ്റുതിരുത്താന്‍ അവസരം നല്‍കിയതാണ്. എന്നാല്‍ അത് മുതലെടുത്ത വി.എസ് വീണ്ടും വീണ്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ നിലപാടുകളെ പരസ്യമായി വെല്ലുവിളിച്ചതായും പിണറായി പറഞ്ഞു.
അച്ചടക്ക നടപടിയുടെ കാര്യമെല്ലാം കേന്ദ്ര കമ്മിറ്റിക്കുശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറയുമെന്നായിരുന്നു കേന്ദ്ര കമ്മിറ്റി ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ പുറത്തുവന്ന വി.എസിന്റെ പ്രതികരണം. വി എസിനെതിരായ അച്ചടക്കനടപടി സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോ പ്രതികരിച്ചിരുന്നില്ല. ഇതു സംബന്ധിച്ച പ്രതികരണങ്ങള്‍ക്കായി ഇരുപത്തിരണ്ടാം തീയതി വരെ കാത്തിരിക്കണമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: