കൊല്‍ക്കത്ത: വേണ്ടിവന്നാല്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കേന്ദ്രസര്‍ക്കാറിനു പുതിയ തലവേദന സൃഷ്ടിച്ച് എന്‍ സി പി രംഗത്ത് വന്നിരിക്കുന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന് ഭീഷണി ഉയര്‍ത്തി വീണ്ടും മമത രംഗത്തെത്തിയിരിക്കുന്നത്.
2013 ലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത പറഞ്ഞു. തൃണമൂല്‍ കോന്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
ഭരണകാര്യത്തില്‍ വീട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് തന്റേത്. മണിപ്പൂര്‍, അരുണാചല്‍, ഉത്തര്‍പ്രദേശ്, ആസം എന്നീ സംസ്ഥാനങ്ങളില്‍ തൃണമൂല്‍ ശക്തിയാര്‍ജ്ജിച്ച് വരികയാണ്. ബംഗാളിനെ തഴയാമെന്ന് ആരു കരുതേണ്ട. അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്നും മമത തുറന്നടിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇപ്പോള്‍ തന്നെ തയ്യാറാകാന്‍ പ്രവര്‍ത്തകരോട് മമത ആഹ്വാനം ചെയ്തു. ബംഗാളില്‍ കോണ്‍ഗ്രസ് ശക്തമല്ല. തൃണമൂലിനൊപ്പം നിന്നതുകൊണ്ട് മാത്രമാണ് അവര്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത്. കോണ്‍ഗ്രസിന്റെ പിന്തുണ കൊണ്ടല്ല തൃണമൂല്‍ ജയിച്ചതെന്നും മമത പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസുമായി കൂട്ടുകെട്ടിന് ഇല്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന യു.പി.എയില്‍ തുടരുമെന്ന് മമത ആവര്‍ത്തിച്ചു. കൂട്ടുകെട്ടിനെ അവര്‍ ബഹുമാനിക്കുന്ന കാലത്തോളം യു.പി.എയില്‍ തുടരും. എന്നാല്‍ സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കും. വേണ്ടി വന്നാല്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനും തയ്യാറാകാന്‍ അവര്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വവുമായി ഇടയേണ്ടിവന്നു. എന്നാല്‍ മറ്റുമാര്‍ഗ്ഗം ഇല്ലാത്തതിനാലാണ് ഒടുവില്‍ പ്രണബിന് വോട്ടുചെയ്യാന്‍ നിര്‍ബന്ധിതരായതെന്നും മമത വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: