തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. സിപഎം തടവുകാരുടെ അക്രമത്തില്‍ പരുക്കേറ്റ ജയില്‍ ഹെഡ് വാര്ഡന് ഉണ്ണികൃഷ്ണന്(41), വാര്ഡന്മാരായ ഷഫീക്ക് (28),അജീഷ്(26) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
വെള്ളിയാഴ്ചയായതിനാല്‍ ജയില്‍ കോംപൗണ്ടിനകത്തുള്ള പള്ളിയിലേക്ക് നിസ്കരിക്കാന്‍ പോകുന്നതിനായി തടവുകാര്‍ക്ക് അനുമതി നല്കി. എന്നാല്‍ തടവുകാര്‍ കൂട്ടമായി പോകണമെന്ന സൂപ്രണ്ടിന്റെ നിര്‍ദ്ദേശം ലംഘിച്ച് ഓരോരുത്തരായി പോകുകയായിരുന്നു. തുടര്‍ന്ന് റെനീഫ് എന്ന തടവുകാരനോട് ഇതു സംബന്ധിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ ഹെഡ് വാര്‍ഡനെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ജയില്‍ ജീവനക്കാര്‍. ഇതുകണ്ട് വന്ന വാര്ഡന്മാര് റെനീഫിനെ പിടിച്ചുമാറ്റുന്നതിനിടെ നിര്‍മ്മലന്‍, രവി, അന്തേരി സുര എന്നിവരുടെ നേതൃത്വത്തില്‍ 15 ഓളം തടവുകാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നു.
ജയിലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവെച്ചിരുന്ന ഇഷ്ടികയെടുത്താണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ആക്രമണം തടയാനായി ചെന്ന മറ്റു ഉദ്യോഗസ്ഥര്‍ക്കും അടിയേറ്റു. മറ്റൊരു ഹെഡ് വാര്‍ഡനായ ഗോപിയെ അസഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ 11 തടവുകാര്‍ക്കെതിരെ കേസെടുത്തു.സിപിഎം തടവുകാര്‍ ഇതിനു മുന്‍പും ജയിലില്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭക്ഷണത്തെ ചൊല്ലി ഏതാനും ദിവസം മുന്‍പുണ്ടായ തര്‍ക്കങ്ങള്‍ ജയില്‍ സൂപ്രണ്ട് ഇടപെട്ട് പരിഹരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രധാന പ്രശ്നക്കാരനായ റെനീഷ് ഇരട്ടക്കൊലപാതകത്തിന് ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊണ്ടുവന്ന ഇവര്‍ക്ക് അവിടെ ലഭിച്ചിരുന്ന സ്വാതന്ത്ര്യം വിയ്യൂരില്‍ ലഭിക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു. കൊണ്ടുവന്ന അന്നുമുതല്‍ തന്നെ പലതരത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സിപിഎം തടവുകാര്‍ കൂട്ടമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: