ന്യൂദല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അംഗീകാരമില്ലാത്ത സംഘടനകളാണ് സമരം നടത്തുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേരളത്തിലെ ആശുപത്രികള്‍ നഴ്സുമാരെ ചൂഷണം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി നഴ്സുമാരുടെ സംഘടന സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് അസോസിയേഷന് അപേക്ഷ നല്‍കിയത്. കേരളത്തില്‍ ബോണ്ട് സമ്പ്രദായമില്ല. വെറും തൊഴില്‍ കരാറുകള്‍ മാത്രമാണുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.
അംഗീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ശമ്പള വര്‍ധനവാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ശമ്പളം നല്കുകയാണെങ്കില് ആശുപത്രിയുടെ സാമ്പത്തികനില തകരും. രോഗികളില്‍ നിന്നു കൂടുതല്‍ തുക ഈടാക്കേണ്ടിവരുമെന്നും ആശുപത്രി മാനേജുമെന്റുകള്‍ പറയുന്നു.
സമരത്തെ അംഗീകരിക്കാനാവില്ലെന്നും സമരം രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: