കൊച്ചി: അടുക്കളയില്‍ കക്കൂസ് മാലിന്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊച്ചിയില്‍ ഹോട്ടല്‍ അടച്ചു പൂട്ടി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കൊച്ചിന് ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലാണ് അടച്ചു പൂട്ടിച്ചത്. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് അടുക്കളയില്‍ കക്കൂസ് മാലിന്യം കണ്ടെത്തിയത്.
ഹോട്ടലിലെ കക്കൂസിന്റെ പൈപ്പ് പൊട്ടി മാലിന്യം അടുക്കളയിലേക്ക് ഒഴുകിയ നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഹോട്ടല്‍ അടച്ചുപൂട്ടിയതെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ അബ്ദുള്‍ ജലീല്‍ അറിയിച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
ചീഫ് ഫുഡ് ഇന്‍സ്പെക്ടര്‍ സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ പല വിഭാഗങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മൂന്നു ഹോട്ടലുകള്‍ക്കു നോട്ടീസ് നല്കി. രണ്ടാഴ്ചയ്ക്കകം നിലവിലുള്ള സ്ഥിതി മാറ്റിയില്ലെങ്കില്‍ അടച്ചു പൂട്ടുമെന്നാണു നോട്ടീസിലെ നിര്‍ദേശം. ഇവിടെ നിന്നു പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.
ഹോട്ടല്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാന്‍ ഉടമകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിക്ക ഹോട്ടലുകള്‍ക്കുള്ളില്‍ വൃത്തിഹീനമായ അന്തരീക്ഷമാണുള്ളത്. വരും ദിവസങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് ഫുഡ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: