കൊച്ചി: ഇന്ന് കര്‍ക്കിടകവാവ്. പിതൃപ്രീതിക്കായി വ്രതശുദ്ധിയോടെ പിതൃതര്‍പ്പണം നടത്തും. കര്‍ക്കിടകവാവിന്റെ ഭക്തിയില്‍ ഈറനോടെ നിലവിളക്കിന്റെ മുന്നില്‍ ഒരുക്കിയ തര്പ്പണസ്ഥലത്ത് പരേതാത്മാക്കളെ ആവാഹിച്ച് വരുത്തും. ആത്മാക്കളെ തൃപ്തിപ്പെടുത്തി പിതൃലോകത്തേക്ക് തിരികെവിടുന്നതിന് കാര്മികര് ഉപദേശിച്ച്തരുന്നപോലെ മനസര്‍പ്പിച്ച് നമസ്ക്കരിക്കുവാന്‍ ഭക്തജനസഹസ്രങ്ങള്‍ വിവിധ പുണ്യകേന്ദ്രങ്ങളിലെത്തും.
ആലുവ മഹാശിവരാത്രി മണപ്പുറത്ത് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റത്ത്, കാലടി മുതലക്കടവില്‍, പാറപ്പുറം തിരുവലംഞ്ചുഴി നരസിംഹസ്വാമിക്ഷേത്രം, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രം തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ പിതൃതര്‍പ്പണം നടക്കും.
തൃശൂര്‍ ജില്ലയില്‍ പാമ്പാടി ഐവര്‍മഠം, ചാവക്കാട് പഞ്ചവടി, തൃശൂര്‍ കൂര്‍ക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം, ചാലക്കുടി ഗായത്രി ആശ്രമം, മുരിങ്ങൂര്‍ ശ്രീരാമേശ്വര മഹാക്ഷേത്രം, കൂര്‍ക്കഞ്ചേരി കീഴ്തൃക്കോവില് ശിവക്ഷേത്രം, മണത്തല വിശ്വനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ചാവക്കാട് കടപ്പുറത്തും വാവുബലി തര്‍പ്പണത്തിന് ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചവടിയില്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ ഉച്ചക്ക് 12മണിവരെ പിതൃതര്‍പ്പണത്തിന് സൗകര്യമുണ്ടായിരിക്കും. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ തെക്കുവശത്ത് പുഴയോട് ചേര്‍ന്ന് കിഴക്കേ കരയിലും വാവുബലി തര്‍പ്പണത്തിന് സൗകര്യമുണ്ട്. മുരിങ്ങൂര്‍ ശ്രീരാമേശ്വര മഹാദേവക്ഷേത്രത്തില്‍ രാവിലെ ആറുമണിമുതല്‍ രാവിലെ 9മണിവരെയാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുക.
പിതൃ തര്‍പ്പണത്തിന് തൃക്കുന്നപ്പുഴ തീരത്ത് ഇന്ന് ആയിരങ്ങളെത്തും. പുലര്‍ച്ചെ 4ന് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. കടലില്‍ മുങ്ങിയശേഷം തൃക്കുന്നപ്പുഴ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തി ഭക്തര്‍ പിതൃപൂജയും തിലഹവനവും നടത്തി പ്രസാദ ചോറ് ബലിക്കല്ലില്‍ സമര്‍പ്പിക്കും. ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊറ്റംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം, ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രം, കണിച്ചുകുളങ്ങര ശ്രീദേവി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ വാവുബലി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: