ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ച് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോന്നി എന്‍.എസ്.എസ് കോളേജ് വിദ്യാര്‍ത്ഥി കോട്ട ശ്രീശൈലത്തില്‍ വിശാല്‍ (19) മരിച്ചു. ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിശാല്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്.
വിശാലിന്റെ മരണത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ജില്ലയില്‍ ഉടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയുണ്ടായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിശാലിന്റെ മൃതദേഹം ചെങ്ങന്നൂരിലെ വസതിയിലെത്തിക്കും. സംസ്കാരം നാളെ നടക്കും.
ഇന്നലെ രാവിലെ 11 മണിയോടെ കോളേജ് കവാടത്തിന് മുന്നില്‍ വച്ചാണ് ഒരു സംഘം കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. ഒന്നാം വര്‍ഷ ഡിഗ്രിക്ലാസുകള്‍ തുടങ്ങുകയായിരുന്ന ഇന്നലെ നവാഗതരെ സ്വീകരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
നേരത്തെ പോസ്റ്ററുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിരുന്നു. ആക്രമണത്തില്‍ മൂന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ത്ഥി വെണ്മണി കല്യാത്ര ഉതിനില്‍ക്കുന്നതില്‍ തറയില്‍ വിഷ്ണു പ്രസാദ് (19), മുണ്ടന്‍കാവ് ഭസ്മക്കാട്ടില്‍ ശ്രീജിത്ത് (20) എന്നിവര്‍ക്കും വെട്ടേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: