ന്യൂദല്‍ഹി: രാജ്യത്തെ വൈദ്യുതി വിതരണമേഖല സ്വകാര്യവത്കരിക്കണമെന്ന് ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ ആവശ്യപ്പെട്ടു. നഗരത്തിലടക്കം നിര്‍ബന്ധമായും സ്വകാര്യവത്ക്കരണം വേണം. ദല്‍ഹിയടക്കമുള്ള സ്ഥലങ്ങളില്‍ സ്വകാര്യവത്ക്കരണം വിജയിച്ചതാണ്. മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ദല്‍ഹിയില്‍ സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അലുവാലിയ. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനും ഊര്‍ജ്ജ പ്രസരണ നഷ്ടം കുറക്കുവാനും അതാത് സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം. രാജ്യത്തു വന്‍തോതില്‍ പ്രസരണ നഷ്ടം ഉണ്ടാകുന്നു. ഇതുവഴി പ്രസരണ കമ്പനികള്‍ക്കും നഷ്ടമുണ്ടാകുന്നു. അതിനാല്‍ നഷ്ടം പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം.
രാജ്യത്ത്, കുറഞ്ഞതു നഗരങ്ങളിലെയെങ്കിലും വൈദ്യുതി മേഖല സ്വകാര്യവത്കരിക്കണം. മാത്രമല്ല പ്രസരണ നഷ്ടം പരിഹരിക്കാന്‍ വൈദ്യുതി ഉപഭോഗം കൂടുതലുളള സമയത്ത് ഉയര്‍ന്ന താരിഫ് ഇടാക്കണമെന്ന നിര്‍ദേശവും അലുവാലിയ മുന്നോട്ടുവച്ചു.
ഇതുസംബന്ധിച്ചു സംസ്ഥാന വൈദ്യുതി മന്ത്രിമാര്‍ നിലപാടു വ്യക്തമാക്കും. അതിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: