ഗുവാഹതി: പെണ്‍കുട്ടിയെ നടുറോഡില്‍ പരസ്യമായി പീഡിപ്പിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനല്‍ മേധാവി രാജിവച്ചു. ന്യൂസ് ലൈവ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് അതാനു ഭൂയാന്‍ ആണ് രാജിവച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഗൗരബ് ജ്യോതി നിയോഗ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
ചാനലിന്റെ റേറ്റിംഗ് ഉയര്‍ത്താനായി കെട്ടിച്ചമച്ച പ്രശ്നമാണിതെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഗൗരബിന്റെ രാജി. ആസാമിലെ മന്ത്രിയുടെ ഭാര്യയുടെ ഭാഗിക ഉടമസ്ഥതയിലുള്ള ചാനലാണ് ന്യൂസ് ലൈവ് ചാനല്‍. യൂ ട്യൂബ് വഴിയാണ് വീഡിയോ പ്രചരിച്ചത്.
പെണ്‍കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ തത്സമയം ക്യാമറയില്‍ പകര്‍ത്തിയ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും ഫോട്ടോഗ്രാഫറെയും വിശദമായ ചോദ്യം ചെയ്യലിനായി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ആസാം സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
അതേ സമയം ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകനും സംഭവത്തിലെ ഒന്നാം പ്രതിയായ അമര്‍ ജോതിയും സുഹൃത്തുകളാണെന്ന് പോലീസിന് സംശയം ഉള്ളതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: