ചങ്ങനാശ്ശേരി: ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പുവരുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യം കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നും സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്കി. പെരുന്നയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിനെ പിന്തുണച്ചിട്ടുള്ള സഖ്യമാണ് ഇപ്പോള്‍ ഒന്നിക്കുന്നത്. ഇത് കോണ്‍ഗ്രസ്സിന് ദോഷം ചെയ്യും. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തകര്‍ക്കാന്‍ പല രാഷ്ട്രീയകക്ഷികളും ശ്രമിക്കുന്നുണ്ട്. ഇതിനെ എന്തുവിലകൊടുത്തും നേരിടും. സാമൂഹിക അനീതിക്കെതിരെയുള്ള ഐക്യമാണിത്, സുകുമാരന്‍ നായര്‍ പറഞ്ഞു.
സാമൂഹ്യനീതി എല്ലാവര്ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ്സിലെ തലതൊട്ടപ്പനായ എ.കെ ആന്റണി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് നടപ്പിലായില്ല. പാമ്പ് കീരിയെ വേളികഴിച്ചതുപോലെയാണ് എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യമെന്നും ഇരുവരുമായുള്ള പാലം ഒടിച്ചു കളയണമെന്നുമുള്ള മഹിളാകോണ്‍ഗ്രസ്സിന്റെ പ്രതികരണം കോണ്‍ഗ്രസ്സിന്റെ ധാര്‍മ്മിക അധഃപതനത്തിന് തെളിവാണ്. മഹിളാകോണ്‍ഗ്രസ്സിന്റെ ഈ പ്രസ്താവന കോണ്‍ഗ്രസ്സിന്റെ അറിവോടുകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഐക്യം എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കും. എന്ത് വിട്ടുവീഴ്ചക്കും തയ്യാറാകും. മുന്‍കാല അനുഭവങ്ങള്‍ പഠിച്ച് മുന്നോട്ടുപോകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിശാലഹിന്ദുഐക്യം, പിന്നാക്ക ദളിത് ഐക്യം എന്നിവയോട് എന്‍എസ്എസ്സിന് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ അതിന്റെ വേദിയില്‍ പങ്കുചേരാന്‍ എന്‍എസ്എസ്സിന്റെ നയങ്ങള്‍ അനുവദനീയമല്ല. എന്‍എസ്എസ് ഒരു സെക്യുലര്‍ സംഘടനയാണ്. അതിനാലാണ് പങ്കുചേരാനാകാത്തത്.
നിലവിലുള്ള രാഷ്ട്രീയപാര്‍ട്ടികളോട് ഉള്ളതുപോലെ പാര്‍ട്ടി ആരു രൂപീകരിച്ചാലും എന്‍എസ്എസ് സമദൂര നിലപാട് തന്നെ തുടരും. എന്‍എസ്എസ്സിന്റെ ആദ്യകാല നയവും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കില്ല എന്നുള്ളതായിരുന്നു, ജനറല്‍ സെക്രട്ടറി പറഞ്ഞു. എന്‍എസ്എസ്സും-എസ്എന്‍ഡിപിയും ഐക്യത്തില്‍ വരുകയും പിന്നീട് വിശാലഹിന്ദുഐക്യം വരികയും ചെയ്യും. ജാതിയുടെയും മതത്തിന്റെയും പേരിലല്ല സാമൂഹ്യനീതി നടപ്പാക്കേണ്ടത്. മേല്‍ത്തട്ട് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തണമെന്നുള്ള എസ്എന്‍ഡിപി നേതൃയോഗത്തിന്റെ ആവശ്യങ്ങളെ എതിര്‍ക്കുന്നില്ല. സംവരണവിഭാഗങ്ങള്‍ക്കു ദോഷം വരാതെ സംവരണേതര സമുദായങ്ങളിലെ പാവങ്ങള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്ന സാഹചര്യം സ്വാഭാവികമായും ഉണ്ടാകുമെന്നതിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തികമാക്കുമെന്നും അതിനായി നേരിട്ടുതന്നെയുള്ള ചര്‍ച്ചകള്‍ നടക്കും. അതിനായി എസ്എന്‍ഡിപി ആസ്ഥാനത്തേക്ക് പോകേണ്ടിവന്നാല്‍ പോകുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: