ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അജ്ഞാതരില്‍ നിന്നു വെടിയേറ്റു. അരുണാചല്‍ ടൈംസ് അസോസിയേറ്റ് എഡിറ്റര്‍ തോങ്ഗാം റിനയ്ക്കാണു വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ തൊട്ടടുത്ത രാമകൃഷ്ണ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായുളള തെരച്ചില്‍ ഊര്‍ജിതമാക്കി.
ഞായറാഴ്ച രാത്രിയാണു ടൈംസ് ഓഫിസിനു മുന്നില്‍വച്ചു തോങ്ഗാമിനു വെടിയേറ്റത്. ഒന്നില്‍ കൂടുതല്‍ പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഓഫിസിലേക്കു പ്രവേശിക്കവെ വെടിയുതിര്‍ക്കുകയായിരുന്നു. നട്ടെല്ലിനും കുടലിനും പരുക്കേറ്റ തോങ്ഗാമിന് ആന്തരിക രക്തസ്രാവവുമുണ്ട്. എന്നാല്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അരുണാചല്‍പ്രദേശ് പ്രസ് ക്ലബ് പ്രസിഡന്റ് കൂടിയാണ് റിന. അരുണാചല്‍ മുഖ്യമന്ത്രി നബാം തുകി തോങ്ഗാമിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സുരക്ഷ വീഴ്ച ചര്‍ച്ച ചെയ്യാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതിനിടെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളും സംഭവത്തിനെതിരെ രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: