വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ചില്ലറ വ്യാപാരരംഗമടക്കം പല മേഖലകളിലും വിദേശനിക്ഷേപം നിരോധിച്ചിരിക്കുന്നതിനെതിരെ അമേരിക്ക. രാജ്യത്ത് ആശങ്കാജനകമായ നിക്ഷേപാന്തരീക്ഷം കൂടുതല്‍ വഷളാക്കുന്ന നടപടിയാണിതെന്ന് പ്രസിഡന്റ് ബരാക് ഒബാമ സൂചിപ്പിച്ചു.
ആഗോള സമ്പദ്വ്യവസ്ഥയില് രാജ്യത്തെ കൂടുതല്‍ മത്സരക്ഷമമാക്കാന്‍ പര്യാപ്തമായ സാമ്പത്തിക പരിഷ്കാര നടപടികള്‍ക്ക് സമയമായെന്ന പൊതു അഭിപ്രായം ഇന്ത്യയില്‍ വളര്‍ന്നുവരുന്നതായി കാണുന്നുവെന്നും രാജ്യത്ത് ദുഷ്ക്കരമായ സാമ്പത്തികപരിഷ്കാരങ്ങള്‍ പലതും വേണ്ടിവരുമെന്നും ഒബാമ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന നിക്ഷേപകാന്തരീക്ഷം ഏറെ ആശങ്കാജനകമാണെന്ന് വ്യവസായ സമൂഹത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപിക്കുക എന്നത് ഏറെ ദുഷ്ക്കരമാണെന്ന നിലപാടിലാണത്രേ അമേരിക്കയിലെ വ്യവസായ സമൂഹം. ഇന്ത്യയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഇന്ത്യതന്നെ പരിഹാരം കണ്ടെത്തണം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഭാവി എന്താകണമെന്ന് നിര്‍ദ്ദേശിക്കാന്‍ അമേരിക്കക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതേസമയം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ട രീതിയില്‍ വളരുന്നത് ആശാവഹമാണെന്ന് ഒബാമ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വളര്‍ച്ചാമാന്ദ്യം ഒരു പരിധി വരെ ആഗോളമാന്ദ്യത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില്ലറ വ്യാപാര മേഖലയില്‍ ഉള്‍പ്പെടെ വിദേശനിക്ഷേപങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്പ്പെടുത്തിയിരിക്കുന്നതിലുള്ള അമര്‍ഷവും പ്രകടമാക്കിയ ഒബാമ വിഷമകരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാതെ അമേരിക്കയുമായി രാജ്യത്തിന് സഹകരണം തുടരാന്‍ പ്രയാസമാണെന്ന സൂചനയും നല്കി. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇന്ത്യ കൈവരിച്ച അവിശ്വസനീയമായ വളര്‍ച്ചയും വികസനവും നോട്ടമിട്ടുകൊണ്ടായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ചില്ലറ വ്യാപാര മേഖല ഉള്‍പ്പെടെ പല രംഗങ്ങളിലും വിദേശനിക്ഷേപം പരിമിതപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്തിരിക്കുന്ന ഇന്ത്യയുടെ നടപടി ഇരുരാജ്യങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ വളര്‍ച്ച സുഗമമാക്കുന്നതിനും ഇത് വിഘാതമാണ്. ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സ്വന്തം രാജ്യങ്ങളിലെ വളര്‍ച്ചയിലും തൊഴില്‍ സൃഷ്ടിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന നിലപാട് ജി-20 യോഗം അംഗീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കും അമേരിക്കക്കുമിടയില്‍ വ്യാപാര-നിക്ഷേപ സാധ്യതകള്‍ വികസിപ്പിക്കുക വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന നിലപാടും ഒബാമ പ്രകടമാക്കി.
തൊഴില്‍ സൃഷ്ടിക്കും സാമ്പത്തികവളര്‍ച്ചക്കും ലോകവ്യാപകമായി നിലനില്‍ക്കുന്ന ഏറ്റവും വലിയ തടസങ്ങളില്‍ ഒന്നാണ് അഴിമതി. ആഗോള പങ്കാളികളെന്ന നിലയില്‍ ഇതിനെതിരെ ചില കാര്യങ്ങള്‍ ചെയ്യാന്‍ ഇരുരാജ്യങ്ങള്‍ക്കും കഴിയും.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ഏറെ അടുത്തു പ്രവര്‍ത്തിച്ചിട്ടുള്ള സുഹൃത്തും പങ്കാളിയുമായി ഒബാമ വിശേഷിപ്പിച്ചു. അടുത്തയിടെ മെക്സിക്കോയില്‍ നടന്ന ജി-20 യോഗത്തിലുള്‍പ്പെടെ വിവിധ അന്താരാഷ്ട്ര വേദികളില്‍ മന്‍മോഹന്‍സിംഗ് പ്രകടമാക്കിയ വീക്ഷണങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: