തലശ്ശേരി: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ ഏഴാം പ്രതിയായിരുന്ന സിപിഎം പ്രവര്ത്തകന് സജീവന്റെ ദുരൂഹമരണം സംബന്ധിച്ച ഫയല്‍ തലശ്ശേരി പോലീസ്സ്റ്റേഷനില്‍ നിന്നും കാണാതായ സംഭവം വിവാദമാവുന്നു. സജീവന്റെ മരണം കൊലപാതകമാണെന്നും സിപിഎമ്മിന് അതില്‍ പങ്കുണ്ടെന്നും സജീവന്റെ മാതാവ് കമല ഏതാനും ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനും കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും അമ്മയും സഹോദരിയും പരാതി നല്‍കിയിരുന്നു.
എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മരണവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എത്രയും പെട്ടെന്ന് ഹാജരാക്കണമെന്ന് എസ്പി തലശ്ശേരി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫയല്‍ കാണാതായ വിവരം പുറത്തുവന്നിരിക്കുന്നത്. 2003 ആഗസ്റ്റ് 11ന് തലശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായതായുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 11ന് രജിസ്റ്റര്‍ ചെയ്ത കേസ് 13ന് ആത്മഹത്യയാണെന്ന് ചൂണ്ടിക്കാട്ടി അവസാനിപ്പിക്കുകയായിരുന്നു. തന്റെ മകന് കേസില്‍ യഥാര്‍ത്ഥ പ്രതിയല്ലെന്നും നിരപരാധിയായ അവന് കോടതിയില്‍ സത്യം തുറന്നുപറയുമെന്ന ഭയം കൊണ്ട് സിപിഎം കൊല്ലുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഫയല്‍ കാണാതായതിന്റെ പിന്നില്‍ പുതിയ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. സജീവന് മരിച്ചത് മുതലുള്ള മുഴുവന്‍ വിവരങ്ങളും അടങ്ങിയ ഫയലുകള്‍ കാണാതായതായുള്ള വിവരം പുറത്തുവന്നതോടെ പുതിയ അന്വേഷണം ശ്രമകരമാകും എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തലശ്ശേരി മേഖലയില്‍ പോലീസിന്റെ നീക്കങ്ങള്‍ ഓരോന്നും കാലങ്ങളായി ചോരുന്നുണ്ട് എന്ന ആരോപണം വ്യാപകമാണ്. ഇതിനിടയിലാണ് കേസ് ഫയല്‍ കാണുന്നില്ലെന്ന വിവാദവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: