ന്യൂദല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഒന്നാം സ്ഥാനത്ത് ദല്‍ഹി. കുട്ടികള്‍ക്കെതിരെ ബലാത്സംഗ-പീഡന കേസുകളില്‍ മുന്നില്‍ നില്‍ക്കുന്നത് മധ്യപ്രദേശും ഉത്തര്‍പ്രദേശുമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 2011 ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
2010 ല്‍ കുട്ടികള്‍ക്കെതിരെ 26,694 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2011 ല്‍ അത് 33,908 ആണ്. അതായത് ഒരുവര്‍ഷത്തിനിടയില്‍ കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ 24 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കുട്ടികള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ദല്‍ഹി ഒന്നാംസ്ഥാനത്തും (25.4 ശതമാനം) തൊട്ടുപുറകില്‍ ആന്റമാന് നിക്കോബാര്‍ ദ്വീപുകള്‍ (20.3 ശതമാനം), ചണ്ഡിഗഢ്, ഛത്തീസ്ഗഢ് (7ശതമാനം), മധ്യപ്രദേശ് (6 ശതമാനം), ഗോവ(5.1 ശതമാനം) എന്നീ സംസ്ഥാനങ്ങളുമാണ് ദേശീയ ശരാശരിയായ 2.7 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇത്.
കഴിഞ്ഞവര്‍ഷം ശിശുഹത്യയും കുട്ടികളുടെ കൊലപാതകവും ഉള്‍പ്പെടെ 1,514 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2010 ല്‍ അത് 1,508 കേസുകളായിരുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊലപാതകകേസുകളില് 22.9 ശതമാനവും നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ് (326 കേസുകള്‍).
എന്നാല്‍ അരുണാചല്‍പ്രദേശ്, മിസോറാം, ദാമന്‍ ആന്റ് ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞവര്‍ഷം കുട്ടികള്‍ക്കുനേരെയുള്ള ഒരു അതിക്രമ കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാല ലൈംഗിക പീഡനം 2010 ല്‍ 5,484 ആയിരുന്നത് 2011 ല്‍ 29.7 ശതമാനം ഉയര്‍ന്ന് 7,112 ആയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യപ്രദേശില്‍ 1262 മാനഭംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഉത്തര്‍പ്രദേശില്‍ 1,088 ഉം മഹാരാഷ്ട്രയില്‍ 818 ആണ്. അതായത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബാല ലൈംഗിക പീഡന കേസുകളിലെ 44.5 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിലാണെന്ന വിവരവും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
2010 ല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി 10,670 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം 43.2 ശതമാനം ഉയര്‍ന്ന് 15,282 ആയി ഉയര്‍ന്നു. 2010 ല്‍ പെണ്‍കുട്ടികളെ വാങ്ങിയ 27 കേസുകളും പെണ്‍കുട്ടികളെ വിറ്റ 113 കേസുകളും രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2011 ല്‍ ഇത് 78,130 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: