അമ്പലപ്പുഴ: ലൗജിഹാദുമായെത്തുന്ന മാരീചന്മാരുടെ വലയില്പ്പെടാതിരിക്കാന് പെണ്‍കുട്ടികള്‍ തയാറാവണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. വേദവ്യാസ പുരാണപാരായണ ആധ്യാത്മിക കലാസാംസ്കാരിക സംഘടന പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വേഷംമാറി മാനായി വന്ന മാരീചനെ മോഹിച്ചതിന്റെ ദുരന്തഫലങ്ങളാണ് സീതാദേവി ജീവിതാവസാനം വരെ അനുഭവിച്ചത്. അന്ന് മാരീചന് മാനായി വന്നെങ്കില്‍ ഇന്ന് മൊബെയില്‍ ഫോണ്‍ വഴിയും ബൈക്കില്‍ ചെത്തി നടന്നുമാണ് ഹിന്ദുസമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങളും ചാനലുകളുമില്ലാതിരുന്ന കാലത്തായിരുന്നു ശ്രീശങ്കരന് ഭാരതം കീഴടക്കിയത്. ഇതിനുശേഷം ഇത് വിവേകാനന്ദനും സാധിച്ചു. ഇന്നത്തെ കാലഘട്ടത്തില്‍ ഹിന്ദുസമൂഹം സ്വയം ശങ്കരനും വിവേകാനന്ദന്മാരുമായി മാറണമെന്ന് ടീച്ചര്‍ പറഞ്ഞു.
സപ്താഹ വേദികള്‍ സദ്യാഹങ്ങളാകുന്ന പ്രവണതകള്‍ അവസാനിപ്പിക്കണം. നവാഹങ്ങളും സപ്താഹങ്ങളും രാമായണ മാസവും ആഘോഷിക്കുമ്പോള്‍ മദ്യഷാപ്പിന് മുന്നില്‍ ക്യൂനില്ക്കുന്ന അവസ്ഥയ്ക്കെതിരെ പ്രതികരിക്കണം. വരുമാനമാര്‍ഗമായി മദ്യഷാപ്പും ക്ഷേത്രവും ഒരുപോലെ കാണുന്ന സര്‍ക്കാര്‍ പ്രവണതയ്ക്കെതിരെ പ്രതികരിക്കണമെന്നും ശശികലടീച്ചര്‍ പറഞ്ഞു. കെ.കെ.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.ജി.വിജയകുമാരന്‍നായര്‍ സ്വാഗതവും എന്‍.നിര്മലാനന്ദന്നായര് നന്ദിയും പറഞ്ഞു. ജെ.കോമളവല്ലി, ഹരിപ്പാട് വേണുജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: