തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമാഫിയകളുടെ നേതൃത്വത്തില്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തിയത് അംഗീകരിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുതുടങ്ങി.
മാറിമാറി വന്ന സര്‍ക്കാരുകള്‍ ഭൂമാഫിയകളുടെ താല്പര്യപ്രകാരം കൈക്കൊണ്ട തീരുമാനങ്ങള്‍ പിന്നീട് പരസ്പരം പഴിചാരി നടപ്പാക്കുന്ന നയങ്ങള്‍ സംസ്ഥാനത്ത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമാക്കുമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2008 വരെയുള്ള നിലം നികത്തലിന് അനുമതി നല്‍കിയത് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ഇക്കാര്യം 2010ലെ ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂമന്ത്രി അടൂര്‍ പ്രകാശും നിയമസഭയില്‍ വ്യക്തമാക്കി. 2005 വരെയുള്ള നിലം നികത്തലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കാനായിരുന്നുവെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് നോട്ടീസിന് മറുപടി പറയുകയായിരുന്നു ഇരുവരും. 2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം പ്രാബല്യത്തില്‍ വന്നതിനു തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ നെല്‍വയല്‍ നികത്തിയതിനു കനത്ത ഫീസ് ഏര്‍പ്പെടുത്തി അംഗീകാരം നല്‍കുമെന്നായിരുന്നു തോമസ് ഐസക്ക് ബജറ്റില്‍ വ്യക്തമാക്കിയിരുന്നത്. നിങ്ങള്‍ എടുത്ത തീരുമാനം നടപ്പാക്കുക മാത്രമാണ ഞങ്ങള്‍ ചെയ്യുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഈ സര്‍ക്കാര്‍ 2005നു മുമ്പുള്ള നെല്‍വയല്‍ നികത്തിയതിന് അനുമതി നല്‍കുന്നതിനാണ് തീരുമാനിച്ചത്. ബജറ്റില്‍ പ്രസംഗിച്ചതൊഴിച്ചാല് ഇതുസംബന്ധിച്ച ഒരുത്തരവിറക്കുകയോ മേറ്റ്ന്തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുല്ലക്കര രത്നാകരന് ചൂണ്ടിക്കാട്ടി. എന്നാല്‍ ബജറ്റ് പ്രസംഗം നടപ്പാക്കുന്നതിനായി ഒരു കമ്മറ്റിയെ നിയോഗിച്ച് അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും ആ കമ്മറ്റി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും രേഖകള്‍ ഉദ്ധരിച്ചുകൊണ്ടു മന്ത്രി അടൂര്‍ പ്രകാശ് മറുപടി നല്കി. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനാല് ജില്ലകളിലുമായി നടത്തിയ ജനസമ്പര്‍ക്ക പരിപാടികളില്‍ നിന്നും ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് 2005ന് മുമ്പ് നെല്‍വയല്‍ നികത്തിയതിന് പിഴ ഈടാക്കി നിയമസാധുത നല്കാന് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറുപടി നല്കി. നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായി സമഗ്രമായ ഭേദഗതികള്‍ നിര്‍ദേശിക്കാനാണ് മന്ത്രിസഭായോഗം ആവശ്യപ്പെട്ടത്. അന്ന് തീരുമാനമെടുത്തത് തൊട്ടടുത്തദിവസം നടപ്പാക്കാനായിരുന്നില്ല. അതുകൊണ്ടാണ് അറിയിക്കാതിരുന്നത്. പിറ്റേദിവസം നടപ്പാക്കാനായിരുന്നെങ്കില്‍ തീരുമാനം അന്നുതന്നെ പ്രസിദ്ധീകരിക്കുമായിരുന്നു. തീരുമാനം നടപ്പാക്കാനായി മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കേണ്ടതുണ്ട്. 2005നു മുമ്പ് നികത്തിയതാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം രൂപീകരിക്കണം. അതൊക്കെ കഴിഞ്ഞശേഷമെ നടപ്പാക്കുകയുള്ളു.
2005 ജനുവരി ഒന്നുവരെ നികത്തിയ മുഴുവന്‍ തണ്ണീര്‍ത്തടങ്ങളും കരഭൂമിയായി അംഗീകരിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍, യോഗതീരുമാനം പുറത്തുവിട്ടില്ല. 2005 ജനുവരി ഒന്നിനുമുമ്പ് നികത്തിയതായി രേഖ സംഘടിപ്പിച്ച് വ്യാപകമായി നിലംനികത്താന്‍ ഭൂമാഫിയകള്‍ക്ക് ഇത് അവസരമൊരുക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. 2008ലെ നെല്‍വയല്‍ സംരക്ഷണനിയമത്തിന്റെ അന്തഃസത്ത തകര്‍ക്കുന്നതാണ് ഈ തീരുമാനമെന്നും പ്രതിപക്ഷം പറഞ്ഞു.
2005 ജനുവരി ഒന്നിന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും അംഗീകാരം നല്കുവാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിക്കാന്‍ ശ്രമിച്ചുവരുന്ന വന്‍ ഭൂമാഫിയ സംഘങ്ങളാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി.
പൈതൃക ഗ്രാമമായ ആറന്മുളയില് വിമാനത്താവളം പണിയുന്നതിന് നീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുവാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും ശക്തിയുക്തം എതിര്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ആറന്മുളയുടെ തനിമയും സാംസ്ക്കാരിക ധാര്‍മിക പാരമ്പര്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ തദ്ദേശവാസികളും രാജ്യസ്നേഹികളും വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെ നടത്തിവരുന്ന പ്രക്ഷോഭം ശക്തമാക്കും. ചില്ലിക്കാശിന് വേണ്ടി സ്വന്തം പൈതൃകത്തെ വിറ്റഴിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സര്‍ക്കാരിനും വിമാനത്താവളക്കമ്പനികള്ക്കും എതിരെ ജനങ്ങളുടെ പ്രതിരോധ നിര കെട്ടിപ്പടുക്കും.
സംസ്ഥാനത്തെ ഭൂഗര്‍ഭജല വിതാനം അപകടകരമാംവിധം താണുകൊണ്ടിരിക്കുന്നുവെന്നും പമ്പാ നദി താമസിയാതെ ഉണങ്ങി വരളുമെന്നും കേന്ദ്ര-സംസ്ഥാന ഭൂഗര്‍ഭ ജലവകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസം തന്നെയാണ് നീര്‍ത്തടങ്ങള്‍ നികത്താനുളള അനുമതി സര്‍ക്കാര്‍ നല്‍കിയത്. ഈ വിരോധാഭാസം മണ്ണിനേയും പ്രകൃതിയേയും സ്നേഹിക്കുന്നവരെ ഞെട്ടിക്കുന്നു.
വയല്‍ സംരക്ഷണ നിയമംപോലും ഭേദഗതി ചെയ്ത് വന്‍ കുത്തക മുതലാളിമാര്‍ക്ക് വേണ്ടി നീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും തീറെഴുതി കൊടുക്കുന്നത് വരും തലമുറയോട് സര്‍ക്കാര്‍ ചെയ്യുന്ന കൊടുംക്രൂരതയാണ്. 500 ഏക്കര്‍ വരുന്ന ആറന്മുളയിലെ നീര്‍ത്തടവും പുഞ്ചപ്പാടവും നാല് പഞ്ചായത്തിലെ ജനങ്ങളുടെ നിത്യജീവിതത്തിന് ഉപകാരപ്പെടുന്ന ജല സംഭരണിയാണ്. ഈ പ്രദേശം സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചും ഏകജാലക സംവിധാനത്തിലൂടെ ഭൂമി ഏറ്റെടുത്തും വിമാനത്താവളം നിര്‍മിച്ചാല്‍ കടുത്ത വരള്‍ച്ചയാവും ഭാവികാലത്ത് ഉണ്ടാവുക. ആറന്മുള വള്ളംകളിയും പള്ളിയോടങ്ങളും കേവലം കേട്ടുകേള്‍വി മാത്രമായി പരിണമിക്കും. ഈ സാംസ്ക്കാരിക ദുരന്തത്തെ മുന്‍കൂട്ടിക്കണ്ട് പൈതൃക ഗ്രാമത്തിന്റെ തനിമ അതേപടി നിലനിര്‍ത്തുവാന്‍ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
നെല്‍വയല്‍ നികത്തല്‍ നിയമത്തില്‍ ഇളവ് വരുത്തിയത് ഭൂമാഫിയക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന കേരള ഗസറ്റഡ് ഒാഫീസേഴ്സ് യൂണിയന് സ്ഥാപകദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2005 ജനുവരിക്ക് മുമ്പ് നികത്തിയ നെല്‍വയലുകളും നീര്‍ത്തടങ്ങളും കരഭൂമിയായി അംഗീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം ആശങ്കാജനകമാണ്. ഇത് ഭൂമാഫിയക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. ഇടതുസര്‍ക്കാരിനെ നിയന്ത്രിച്ച ഭൂമാഫിയ ഈ സര്‍ക്കാരിലും പിടിമുറുക്കുകയാണെന്നും സുധീരന് തുറന്നടിച്ചു.
മുഖ്യമന്ത്രി മാത്രം ഭരണത്തില്‍ സജീവമായതുകൊണ്ട് കാര്യമില്ല. 50,000 ഏക്കര്‍ നിലം നികത്തിയത് നിയമവിധേയമാക്കിയത് ജനസമ്പര്ക്കപരിപാടികളില് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്നാണ് റവന്യൂമന്ത്രി പറഞ്ഞത്. ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ ഭൂമാഫിയ സംഘങ്ങള്‍ കാര്യങ്ങള്‍ സാധിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഈ നിലപാട് ജനസമ്പര്‍ക്ക പരിപാടിയുടെ മഹിമ കൂടി കളയും. നെല്‍കൃഷി കൂട്ടാന്‍ പദ്ധതി പ്രഖ്യാപിച്ചിട്ട് വയല്‍ നികത്തലിന് അനുമതി നല്‍കിയത് ആശങ്കാജനകമാണ്.ഡാറ്റാ ബാങ്ക് പരിശോധിച്ച് പ്രശ്നത്തിന് പരിഹാരം കാണുവാനാണ് ശ്രമിക്കേണ്ടത്.
കേരളത്തിലെ ഭരണകാര്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്നില്ല. കെപിസിസി ഇടയ്ക്ക് വിളിച്ചാല്‍ തന്നെ അപ്പോഴത്തെ പ്രധാന കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് പിരിയുകയാണ് പതിവ്. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെയും കെ.പി. ധനപാലന് എംപിയുടെയും സാന്നിധ്യത്തില്‍ സുധീരന് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: