തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയില്‍ യാതൊരു വിധ പദവികളും വേണ്ടന്നും പദ്ധതിയുടെ മുഖ്യ ഉപദേശകനാകാനാണ് താല്പര്യമെന്നും ഇ.ശ്രീധരന് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം കൊച്ചി മെട്രോ ശ്രീധരന്റെ നേതൃത്വത്തില്‍ തന്നെ നടപ്പാക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
പദ്ധതിയുടെ നിര്‍മ്മാണച്ചുമതല ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് തന്നെ വഹിക്കുമെന്നും ആര്യാടന് പറഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ആര്യാടന് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി മെട്രോയുടെ ചുമതല ശ്രീധരനെ ഏല്പിക്കാന് സര്‍ക്കാര്‍ മാര്‍ച്ചില്‍ തന്നെ തീരുമാനിച്ചതാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കി പദ്ധതി വൈകിപ്പിക്കാന്‍ ആരും ശ്രമിക്കരുതെന്നും ആര്യാടന് പറഞ്ഞു. കൊച്ചി മെട്രോയ്ക്ക് ഇ.ശ്രീധരന്റെ സേവനം ആവശ്യമാണ്. ഇ.ശ്രീധരന് എന്തു റോള്‍ കൊടുക്കാനും സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ ശ്രീധരന്റെ സ്ഥാനം എന്തുമാകാമെന്നും ആര്യാടന് പറഞ്ഞു. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തുടര്‍ നടപടികള്‍ ഡയറക്ടര്‍ ബോര്‍ഡ് ആകും തീരുമാനിക്കുക.
പുതിയ ബോര്‍ഡില്‍ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും അഞ്ചു പ്രതിനിധികള്‍ വീതമുണ്ടാകും. ബോര്‍ഡ് ചെയര്‍മാനെ കേന്ദ്ര സര്‍ക്കാരും എം.ഡിയെ സംസ്ഥാന സര്‍ക്കാരും നിയമിക്കുമെന്നും ആര്യാടന് പറഞ്ഞു. പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാവുമെന്ന് മന്ത്രിയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഇ.ശ്രീധരന് പറഞ്ഞു. ഡി.എം.ആര്‍സിയില്‍ നിന്ന് വിരമിച്ചുവെങ്കിലും കൊച്ചി മെട്രോ പദ്ധതി മുന്നില്‍ക്കണ്ട് ഡി.എം.ആര്.സി തന്നെ മുഖ്യ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കൊച്ചി മെട്രോ പദ്ധതിയ്ക്ക് നേതൃത്വം നല്കുന്നതില് യാതൊരു തടസവുമുണ്ടാവില്ലെന്നും ഇ.ശ്രീധരന് വ്യക്തമാക്കി.
പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതിനുശേഷമുള്ള ആദ്യ ബോര്‍ഡ് യോഗമായിരുന്നു ഇന്ന് ചേര്‍ന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി ആര്യാടന് മുഹമ്മദ്, ഇ. ശ്രീധരന്, കൊച്ചി മെട്രോ എംഡി ടോം ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: