തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘിച്ച എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന പ്രശ്നത്തില്‍ വനം മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രംഗത്ത്. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് ഏറ്റെടുക്കുന്ന വിഷയത്തില്‍ ഗണേഷ്കുമാര് നിയമസഭയില്‍ കള്ളം പറഞ്ഞുവെന്ന് പി.സി.ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് നിയോഗിച്ച ഒരു സമിതിയെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ മന്ത്രി യു.ഡി.എഫിനെ അപമാനിച്ചുവെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫില്‍ പരാതി നല്‍കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. രാവിലെ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടി പറയുന്നതിനിടെ ഗണേഷ് കുമാര്‍ പി.സി.ജോര്‍ജ്ജിനെ വിമര്‍ശിച്ചിരുന്നു. എം.എല്‍.എ എന്ന നിലയില്‍ ചീഫ് വിപ്പിനെ അനുസരിക്കേണ്ട ബാധ്യതയുണ്ടെന്നും എന്നാല്‍ മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിയോട് മാത്രമാണ് ബാധ്യതയെന്നും ഗണേഷ് പറഞ്ഞിരുന്നു. ഇതാണ് ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്.
മന്ത്രി ആയതിനാല്‍ എന്തും പറയാമെന്നും യു.ഡി.എഫിന് അതീതമായി നില്‍ക്കാമെന്നും ഗണേഷ് കരുതേണ്ട. യു.ഡി.എഫ് സംവിധാനം കേരളത്തില്‍ ഉണ്ടോയെന്ന് ഗണേഷിനെ പഠിപ്പിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. മന്ത്രി സ്പോണ്സര് ചെയ്ത അടിയന്തര പ്രമയേമാണ് സഭയില്‍ ഇന്ന് പ്രതിപക്ഷം അവതരിപ്പിച്ചത്. നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചത് യു.ഡി.എഫാണ്. ഈ സമിതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പത്രത്തില്‍ വായിച്ചുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. കാര്യങ്ങള്‍ പഠിച്ചിട്ടുവേണം മന്ത്രി സഭയില്‍ മറുപടി പറയാന്‍. ഗണേഷ്കുമാറിന്റേത് അസാമാന്യ വിവരമില്ലായ്മയാണ്. വെറുതെ സിനിമാക്കാരനൊന്നും മന്ത്രിയായി തന്നെ ഭരിക്കാന്‍ വരേണ്ടെന്നും ജോര്‍ജ് പറഞ്ഞു.
നെല്ലിയാമ്പതി എസ്റ്റേറ്റില്‍ ഗണേഷിനുള്ള താല്പര്യം എന്താണെന്ന് അദ്ദേഹത്തിന്റെ അച്ഛന് ആര്.ബാലകൃഷ്ണ പിള്ളയ്ക്ക് അറിയാമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പി.സി.ജോര്‍ജ് പറയുന്നതാണ് ശരിയെന്നും ബാലകൃഷ്ണപിള്ള പ്രതികരിച്ചു.
ഭൂമി കയ്യേറിയവരെ അനുകൂലിക്കുന്ന നിലപാടാണ് ചീഫ് വിപ്പ് പി സി ജോര്‍ജ് സ്വീകരിക്കുന്നതെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ വീടിനു സമീപത്തുള്ള ഒരാളുടെ നിവേദനം കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്ന് ജോര്‍ജ് സഭയില്‍ വിശദീകരിച്ചു. നെല്ലിയാമ്പതിയിലെ പാട്ടക്കാരാര്‍ കഴിഞ്ഞ എസ്റ്റേറ്റുകള്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു അലംഭാവവും കാണിച്ചിട്ടില്ലെന്ന് കെ.ബി. ഗണേഷ് കുമാര്‍ ഇന്ന് നിയമസഭയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: