പശ്ചിമഘട്ട മലനിരകള്‍ ലോകപൈതൃക പട്ടികയില്‍ ഇടം നേടി എന്ന വസ്തുത കേരളത്തിന് അഭിമാനകരമാണെന്നംഗീകരിക്കുമ്പോഴും കേരള സര്‍ക്കാര്‍ ഈ മലനിരകളും ജൈവവൈവിധ്യവും ഇവിടെയുള്ള വംശനാശം നേരിടുന്ന 326 ജീവികളും സംരക്ഷിക്കപ്പെടേണ്ടതാണെന്നും സംരക്ഷണ ചുമതല തങ്ങളില്‍ നിക്ഷിപ്തമാണെന്നും ഉള്ള അവബോധം പോലും ഈ സര്‍ക്കാരിനില്ല. ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ് അതിരപ്പിള്ളി പദ്ധതി പ്രായോഗികമാക്കാനുള്ള സര്‍ക്കാര്‍ നീക്കവും വനസംരക്ഷണത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവവും. 1600 കി.മീ. ദൈര്‍ഘ്യവും 1,60,000 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള പശ്ചിമഘട്ടം ലോകത്തിലെ ജൈവ വൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളില്‍ ഒന്നാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാരിസ്ഥിതിക സന്തുലനത്തില്‍ പശ്ചിമഘട്ട മലനിരകളെ പഠനവിധേയമാക്കിയ മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ടും പുതിയ അണക്കെട്ടുകളും ഹില്‍ സ്റ്റേഷനുകളും ഹാനികരമാണെന്നും ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ കോണ്‍ക്രീറ്റ് വല്ക്കരണവും വനനശീകരണവും റോഡുകളും ബിഒടി പാലങ്ങളും ബഹുനില ഫ്ലാറ്റുകളുമാണ് വികസന സൃഷ്ടികള്‍. റോഡില്‍ തണല്‍ മരം നടുക എന്നത് രാജഭരണ പരിഷ്ക്കാരമായിരുന്നെങ്കില് തണല്‍ മരം മുറിക്കുക എന്നതാണ് ജനായത്ത ഭരണ തത്വം. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും അമിത നഗരവല്ക്കരണത്തില് നഗരങ്ങളില്‍ പ്രാണവായു നശിക്കുമ്പോഴും വനസംരക്ഷണമോ നഗര വൃക്ഷ സംരക്ഷണമോ സര്‍ക്കാര്‍ അജണ്ടയല്ല.
കേരളത്തില്‍ ജനസാന്ദ്രത കൂടി എന്നതും വൈദ്യുതിയുടെ ഉപഭോഗം വര്‍ധിച്ചു എന്നതും അംഗീകരിക്കുമ്പോള്‍ തന്നെ പരിസ്ഥിതി നാശമുണ്ടാക്കുന്ന അതിരപ്പിള്ളി പദ്ധതിപോലുള്ളവയില് നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും വി.എം.സുധീരനെപ്പോലുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അതിരപ്പിള്ളി പദ്ധതിയുടെ ദൗര്‍ബല്യത്തെക്കുറിച്ച് സുതാര്യമായ ചര്‍ച്ച നടത്താതെ, പഠനം നടത്താതെ ഏകപക്ഷീയമായി പദ്ധതിയുമായി മുന്പോട്ട് പോകാനുള്ള നീക്കമാണ് പ്രതിഷേധങ്ങളുയര്ത്തുന്നത്. നിര്‍മാണ പ്രവര്ത്തനലോബിയുടെ സമ്മര്‍ദത്തിന് യുഡിഎഫ് സര്‍ക്കാര്‍ വഴങ്ങുകയാണെന്ന പ്രതീതിയാണുള്ളത്. സര്‍ക്കാര്‍ ആദിവാസികളോടും ഭൂഉടമകളോടും വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതായും കാണാവുന്നതാണ്. കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസികളുടെ കുടിലുകള്‍ നിര്‍ദാക്ഷിണ്യം പൊളിച്ചുനീക്കി അവരെ ഓടിച്ച് വനസംരക്ഷണം നടത്തുന്ന സര്‍ക്കാര്‍ ഭൂമാഫിയകള്‍ വനം കയ്യേറുന്നതില്‍ നിശ്ശബ്ദത പാലിക്കുന്നു. വനം കേസുകള്‍ കോടതിയിലെത്തുമ്പോള്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുന്നു. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ വനം-നിയമ മന്ത്രിമാരുടെ യോഗം വിളിക്കണമെന്നും സുധീരന് ആവശ്യപ്പെടുന്നു. വനനിയമം ലംഘിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ എസ്റ്റേറ്റുകള്‍ തിരിച്ചെടുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടത് 2012 ജനുവരിയിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാതെയാണ്. പാട്ടക്കരാര്‍ റദ്ദാക്കിയ രാജാക്കാട് മാങ്കോട് എസ്റ്റേറ്റുകള്‍ തിരികെ നല്‍കേണ്ടിയും വന്നു.
പശ്ചിമഘട്ട മലനിരകളിലെ 39 കേന്ദ്രങ്ങള്‍ യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ കേരള രാഷ്ട്രീയ നേതൃത്വം പരിതപിക്കുകയാണ് എന്നാണ് ജൈവ സമ്പുഷ്ടമായ നെല്ലിയാമ്പതിയെപ്പറ്റിയുള്ള അലംഭാവം സ്ഥിരീകരിക്കുന്നത്.കേരളത്തില്‍ ഈ വര്‍ഷം മഴയുടെ ദൗര്‍ലഭ്യം മൂലം അണക്കെട്ടുകള്‍ നിറയുന്നില്ല. ഓരോ വര്‍ഷവും വൃഷ്ടിസമൃദ്ധമായിരുന്ന കേരളം എന്തുകൊണ്ട് ഈ വിപത്ത് നേരിടുന്നു എന്ന അപഗ്രഥനം പോലും നടത്താതെ എല്ലാവിധ ഹരിതാഭയെയും തകര്‍ക്കുവാനാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ത്വര. കേരളത്തില്‍ ജപ്പാന് മാതൃകയില്‍ ചെറുകിട ജലസേചന പദ്ധതികളില്‍ നിന്നും ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുമെന്നും സൗരോര്‍ജ്ജവും കാറ്റാടി ഊര്‍ജ്ജവും വ്യാപകമാക്കുമെന്നെല്ലാം ഉള്ള പ്രഖ്യാപനങ്ങള്‍ വാക്കുകളിലും കടലാസിലും ~ഒതുങ്ങുന്നു. ബയോഗ്യാസ് പ്ലാന്റുകളും മാലിന്യത്തില്‍നിന്നുള്ള വൈദ്യുതിയും ഇനിയും പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. മാറി മാറി വന്ന കേരള സര്‍ക്കാരുകള്‍ എന്നും ലക്ഷ്യം വെക്കുന്നത് വന്‍കിട ജലസേചന പദ്ധതികളെയാണ് എന്നതുതന്നെ തെളിയിക്കുന്നത് നിര്‍മാണ ലോബി പ്രീണനമാണ്. ഇടമലയാര്‍ കേസുകളില്‍നിന്നും അന്നത്തെ മന്ത്രി ഇന്നും കേസ് വിമുക്തനല്ല. പക്ഷേ വൈദ്യുതിമന്ത്രിമാര്‍ ഇപ്പോള്‍ അവശേഷിക്കുന്ന അതിരപ്പിള്ളിയിലും അണകെട്ടി പശ്ചിമഘട്ട മലനിരകള്‍ക്ക് കോടാലി വയ്ക്കാനാണ് നീക്കം.
വനിതാ പ്രാതിനിധ്യത്തെപ്പറ്റി
ലോകരാഷ്ട്രങ്ങളിലെ പാര്‍ലമെന്റുകളില്‍ വനിതാ ജനപ്രതിനിധികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍ ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയുള്ള വനിതാ ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ വനിതാ ജനപ്രതിനിധികളുടെ എണ്ണത്തിലെ വര്‍ധന വെറും 1.89 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2011 ലെ ലോക്സഭയിലെ 544 സീറ്റുകളില്‍ 60 വനിതാ ജനപ്രതിനിധികളാണെങ്കില്‍ 241 അംഗ രാജ്യസഭയില്‍ സ്ത്രീ പ്രാതിനിധ്യം 16 ആണ്. ഇത് യുഎസിന്റെ മില്ലേനിയം ഡെവലപ്പ്മെന്റ് ഗോള്‍ഡിന്റെ 2012 ലെ റിപ്പോര്‍ട്ടാണ്. ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് പുറത്തുവിട്ട റിപ്പോര്‍ട്ടിലും സ്ത്രീ പ്രാതിനിധ്യത്തില്‍ ഇന്ത്യ ലോക റാങ്കില്‍ 98-ാമതാണ്. മില്ലേനിയം ഗോള്‍ഡ് റിപ്പോര്‍ട്ട് പറയുന്ന മറ്റൊരു വസ്തുത വനിതകള്‍ക്ക് ലഭിക്കുന്നത് സാമൂഹിക ക്ഷേമം, കുടുംബാസൂത്രണം, വനിതാ ശിശുക്ഷേമം തുടങ്ങിയ വകുപ്പുകളാണെന്നാണ്. വനിതാ ശാക്തീകരണത്തില്‍ പിന്നോക്കം നില്ക്കുന്ന പാക്കിസ്ഥാനില്‍ പോലും വിദേശകാര്യം ഒരു വനിതാ മന്ത്രിക്കാണ് നല്‍കിയിരിക്കുന്നത്. വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നതിന് പ്രത്യേക ക്വാട്ട സമ്പ്രദായം സഹായകരമാകുമെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ 26 രാഷ്ട്രങ്ങള്‍ സ്ത്രീകള്‍ക്കു പ്രത്യേകപരിഗണനയും 17 രാഷ്ട്രങ്ങള്‍ തെരഞ്ഞെടുപ്പ് ക്വാട്ടയും നല്കിയപ്പോള് ഇന്ത്യയിലെ 33 ശതമാനം വനിതാ സംവരണ ബില്‍ രാജ്യസഭാ പാസ്സാക്കിയിട്ടും ലോക്സഭയില്‍ അവതരിപ്പിച്ചിട്ടുപോലുമില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ തായ്ലന്റ് മുന്നിലാകുമ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍പോലും 20 ശതമാനം വര്‍ധന രേഖപ്പെടുത്തി എന്നത് ഇന്ത്യയ്ക്ക് ലജ്ജാകരം തന്നെയാണ്. ഇന്ത്യയില്‍ സ്ത്രീ പ്രാതിനിധ്യത്തെ എതിര്‍ക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണ്. ഇത് സ്ത്രീകളുടെ വിജയസാധ്യത കുറവായതിനാലല്ല, മറിച്ച് പുരുഷ പ്രാതിനിധ്യം കുറയും എന്ന ആശങ്കയാണ്. ഇപ്പോള്‍ രാജ്യസഭാസീറ്റുകള്‍ ഒഴിവായപ്പോഴും പാര്‍ട്ടികള്‍ വനിതാ പ്രതിനിധികളെ നിര്‍ദ്ദേശിക്കാതെ പുരുഷ പ്രതിനിധികള്‍ക്ക് രണ്ടാമൂഴം നല്‍കാന്‍പോലും തയ്യാറായതും ഇതിന് തെളിവാണ്. ജനപ്രതിനിധികള്‍ നിര്‍ദ്ദേശിക്കുന്ന രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ക്ക് പരാജയഭീതിയില്ലല്ലോ. ഇത് തന്നെ വ്യക്തമാക്കുന്നത് വനിതകളുടെ ജയസാധ്യതയല്ല, പുരുഷന്മാരുടെ സ്വാര്‍ത്ഥതാല്‍പ്പര്യമാണ് ലോക്സഭയില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിക്കപ്പെടാതിരിക്കുന്നത് എന്നുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: