കാബൂള്‍: പരപുരുഷബന്ധം ആരോപിച്ച് കാബൂളിനു സമീപം സ്ത്രീയെ ജനമധ്യത്തില്‍വച്ച് താലിബാന് ഭീകരര്‍ വെടിവച്ചുകൊന്നു. കാബൂളിനടുത്ത് പര്‍വാന്‍ പ്രവിശ്യയിലാണു സംഭവം. തലപ്പാവു ധരിച്ച ഒരാള്‍ തൊട്ടടുത്തുനിന്ന് അഞ്ചു തവണ നിറയൊഴിക്കുന്ന വിഡിയൊ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പര്‍വാന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍ ഇരുന്നൂറോളം പേര് നോക്കിനില്‍ക്കേയാണ് സ്ത്രീയെ ഭീകരര്‍ വെടിവച്ചുകൊന്നത്. ജനമധ്യത്തില്‍ പരസ്യമായി നിര്‍ത്തിയ സ്ത്രീയ്ക്കു നേരെ ഭീകരര്‍ നിറയൊഴിക്കുന്നതിന്റെ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ റോയിട്ടേഴ്സാണ് പുറത്തുവിട്ടത്.
വധശിക്ഷ നടപ്പാക്കിയ ശേഷം ഭീകരര്‍ വിജയാഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും കാണാന്‍ കഴിയും. നിയമം തെറ്റിച്ചതിനുള്ള അള്ളാഹുവിന്റെ ശിക്ഷയാണിതെന്നും എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും കൂടെ നില്ക്കുന്ന മറ്റൊരാള്‍ പറയുന്നതും ദൃശ്യത്തിലുണ്ട്.
സംഭവം നടന്നത് ഒരാഴ്ച മുമ്പാണെന്നും കാബൂളിനു സമീപത്തെ കിംചോക് ഗ്രാമത്തിലാണ് ആരോപണ വിധേയയായ സ്ത്രീയെ ഭീകരര്‍ വധിച്ചതെന്നും പ്രവിശ്യാ ഗവര്‍ണര്‍ ബാസിര്‍ സാലാംഗി പറഞ്ഞു. അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലും താലിബാന് ഭീകരര്‍ അവരുടെ വധശിക്ഷ നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങുന്നുവെന്ന സൂചനയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: