ന്യൂദല്‍ഹി: യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ പ്രണബ് മുഖര്‍ജി വീണ്ടും വിവാദത്തിലേക്ക്. പ്രതിഫലം മറ്റുന്ന രണ്ട് പദവികള്‍കൂടി മുഖര്‍ജി വഹിക്കുന്നതായി ആരോപണമുയര്‍ന്നു.
വീര്‍ഭൂമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി വൈസ് പ്രസിഡന്റ്, രബീന്ദ്ര ഭാരതി സര്‍വ്വകലാശാലയുടെ ഭാഗമായ രബീന്ദ്രഭാരതി സൊസൈറ്റി ചെയര്മാന് എന്നീ പദവികള്‍ പ്രണബ് മുഖര്‍ജി തുടര്‍ന്നും വഹിക്കുകയാണെന്ന് ബിജെപി പിന്തുണയുള്ള പ്രതിപക്ഷ സ്ഥാനാര്‍ത്ഥി പി.എ.സാംഗ്മ കുറ്റപ്പെടുത്തി. കൊല്‍ക്കത്ത ആസ്ഥാനമായ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷ പദവിയില്‍നിന്നുള്ള മുഖര്‍ജിയുടെ രാജി സംബന്ധിച്ച് വിവാദം കെട്ടിടങ്ങുന്നതിന് മുമ്പാണ് രണ്ട് പ്രതിഫല പദവികളില്ക്കൂടി മുഖര്‍ജി തുടരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ ഇടപെടണമെന്ന് പി.എ.സാംഗ്മ തെരഞ്ഞെടുപ്പ് കമ്മീഷനോട്ആവശ്യപ്പെട്ടു. തങ്ങളുടെ പരാതി തള്ളിയ വരണാധികാരിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ സാംഗ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രതിനിധി സംഘം ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചാണ് ഈ ആവശ്യമുന്നയിച്ചത്. നാളെ വൈകിട്ടോടെ പരാതി എഴുതി നല്കാന് തെര. കമ്മീഷന് സാംഗ്മയോടും സംഘത്തോടും നിര്‍ദ്ദേശിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി.
ബിജെപി നേതാവും സാംഗ്മയുടെ അഭിഭാഷകനുമായ സത്യപാല്‍ ജെയിന്, തെര. ഏജന്റ് ഭര്‍തൃഹരി മഹ്താബ് എന്നിവരും പ്രതിനിധിസംഘത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള രാജിക്കത്തിലെ ഒപ്പ് വിവാദമായ കാര്യവും പ്രതിനിധിസംഘം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിഫലം പറ്റുന്ന പദവിയില്‍ തുടരുന്നതിന്റെ പേരില്‍ മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച വണാധികാരിക്കെതിരെ പരാതി നല്കാന് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമിയും ബിജെപി എംപി ഭര്‍തൃഹരി മഹ്താബും ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്.സമ്പത്തിനെ കാണും.
വരണാധികാരിയായ വി.കെ.അഗ്നി ഹോത്രയുടെ നടപടി തൃപ്തികരമല്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിഷയം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള രാജിക്കത്തില്‍ മുഖര്‍ജി ഇട്ടിരിക്കുന്ന ഒപ്പിലെ വൈരുദ്ധ്യവും ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. മുഖര്‍ജി അവകാശപ്പെട്ടപോലെ കഴിഞ്ഞ ജൂണ്‍ 20ന് അദ്ദേഹം രാജിവെച്ചതായി തനിക്ക് ബോധ്യപ്പെട്ടുവെന്നാണ് വരണാധികാരിയായ വി.കെ.അഗ്നിഹോത്രി നിലപാടെടുത്തത്.
ഭരണഘടനയുടെ അനുഛേദം 324 പ്രകാരം തെരഞ്ഞെടുപ്പുകളുടെ മേല്‍നോട്ട അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണെന്നും ഇക്കാരണത്താലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിക്കുന്നതെന്നും ബിജെപി നേതാവ് എസ്.എസ്.ആലുവാലിയ കഴിഞ്ഞദിവസം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: