അടിമാലി: അഞ്ചേരി ബേബി കൊല്ലപ്പെട്ട ദിവസം താന്‍ മിഡ്നാപൂരിലായിരുന്നുവെന്ന സിപിഎം ഇടുക്കി മുന്‍ സെക്രട്ടറി എം.എം. മണിയുടെ വാദം പൊളിയുന്നു. സംഭവദിവസം കേസിലെ നാലാം പ്രതി എ.കെ. ദാമോദരനോടൊപ്പം മിഡ്നാപ്പൂരിലേക്കു പോയെന്നായിരുന്നു മണിയുടെ മൊഴി. എന്നാല്‍ ബേബി കൊല്ലപ്പെട്ട ദിവസം താന്‍ ഇടുക്കി ശാന്തന്‍പാറയിലുണ്ടെന്ന് ദാമോദരന്‍ അന്വേഷണസംഘത്തോട് പറഞ്ഞു.
മണി പോയിട്ടുണ്ടാകും, താന്‍ പോയിട്ടില്ലെന്നാണ് ദാമോദരന്‍ മൊഴി നല്‍കിയത്. ഇന്നലെ രാവിലെ 11 ന് അടിമാലി സി.ഐ. ഓഫീസില്‍ ഹാജരായ ദാമോദരനെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി എ.യു. സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് ദാമോദരന്‍ സഹകരിച്ചതായി പോലീസ് പറഞ്ഞു.
മണിയുടെ വിവാദ പ്രസംഗത്തില്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എതിരാളികളുടെ പട്ടികയുണ്ടാക്കി വക വരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കേസുകള്‍ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. സിപിഎം മുന്‍ നേതാവും കേസിലെ സാക്ഷിയുമായിരുന്ന ഉടുമ്പന്‍ചോല സ്വദേശി മോഹന്‍ദാസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് എം.എം. മണി ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ കെ.കെ. ജയചന്ദ്രന്, മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ജി. മദനന്, രാജാക്കാട് ഏരിയാ സെക്രട്ടറി എ.കെ. ദാമോദരന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസ്സെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: