ന്യൂദല്‍ഹി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് രാജ്യത്തിന് 9 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകില്ലെന്ന് ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയ വ്യക്തമാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ആസൂത്രണ ബോര്‍ഡുകളുടെയും അനുബന്ധ വിഭാഗങ്ങളുടെയും സെമിനാറില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മൊണ്ടേക് സിംഗ് അലുവാലിയ. പന്ത്രണ്ടാം പദ്ധതിക്കാലത്ത് 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടാനുള്ള സാഹചര്യമുണ്ട്. തന്റെ വിലയിരുത്തല്‍ ആസൂത്രണ ബോര്‍ഡിലെ മറ്റ് അംഗങ്ങളുമായി പങ്കുവെയ്ക്കുമെന്നും കമ്മീഷന് പ്രതീക്ഷിക്കുന്ന നിരക്ക് അതിനുശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ദാരിദ്ര്യം പ്രതിവര്‍ഷം രണ്ടു ശതമാനം വീതം കുറഞ്ഞു വരികയാണ്. എന്നാല്‍ കാലഹരണപ്പെട്ട സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയാറാക്കുന്നതു പ്രശ്നം സൃഷ്ടിക്കുന്നു. പദ്ധതികള്‍ വൈകുന്നതു മൂലം ചെലവ് കൂടുന്ന പ്രശ്നവും പരിഹരിക്കണമെന്നും അലുവാലിയ പറഞ്ഞു.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ഓഗസ്റ്റ് രണ്ടാം വാരം അനുമതി നല്‍കും. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ചില സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ പരാജയപ്പെടുന്ന സാഹചര്യമുണ്ട്. വിജയകരമായി പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളിലെ മാതൃക ദേശീയ തലത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തു കേരളത്തിനുള്ള സഹായം വര്‍ധിപ്പിക്കണമെന്ന് ആസൂത്രണ കമ്മിഷനോടു സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം കൂട്ടുന്നതിനേക്കാള്‍ പ്രധാനം കേന്ദ്രസഹായം വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: