ന്യൂദല്‍ഹി: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപണവിധേയനായ ഐസ്ക്രീം പാര്‍ലര്‍ പീഡനക്കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വിഎസിന് ഇക്കാര്യത്തില്‍ ഇടപെടാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് നോട്ടീസയക്കാനും ജസ്റ്റിസുമാരായ ജി.എസ്. സിംഘ്വി, എസ്.ജെ. മുഖോപാധ്യായ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി ഉത്തരവ് യുഡിഎഫ് സര്‍ക്കാരിന് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നേരത്തെ വി.എസ്.അച്യുതാനന്ദന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ എന്തുകൊണ്ട് കേസില്‍ കക്ഷിചേര്ന്നില്ലെന്നും സുപ്രീംകോടതി ആരാഞ്ഞു. വിഎസ് നല്കിയ ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിനെ മാത്രമാണ് എതിര്‍കക്ഷിയാക്കിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവായ അച്യുതാനന്ദന് രാഷ്ട്രീയലക്ഷ്യത്തോടെയാണ് കേസില്‍ ഇടപെടാന്‍ ശ്രമിക്കുന്നതെന്നായിരുന്നു സര്‍ക്കാരിനുവേണ്ടി അഡ്വ. ജനറല്‍ കെ.പി.ദണ്ഡപാണി ഹൈക്കോടതിയില്‍ വാദിച്ചത്. അന്തിമറിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്. കേസ് നടപടി ആ ഘട്ടത്തില്‍ എത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കപ്പെടുമ്പോഴാണ് അന്തിമറിപ്പോര്‍ട്ട് പ്രസ്തുത കോടതിയിലെ രേഖയാകുന്നത്. ആ ഘട്ടത്തില്‍ ഹര്ജിക്കാരന് അന്തിമ റിപ്പോര്‍ട്ടിനായി അപേക്ഷ നല്‍കാവുന്നതാണെന്നും കോടതി വിലയിരുത്തി. ഇത് ഹൈക്കോടതിയിലെ ഫയലില്‍ രേഖയല്ലെന്നും അതിനാല്‍ ഇതിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഹര്ജിക്കാരന് അര്‍ഹതയില്ലെന്നുമാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് വി. ചിദംബരേഷും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷം അന്വേഷണസംഘം കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അന്വേഷണ റിപ്പോര്‍ട്ടിനായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചാണ് ഹൈക്കോടതി വിഎസിന്റെ ഹര്‍ജി തള്ളിയത്. സംസ്ഥാനസര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു വിഎസിന്റെ വാദം.
ഐസ്ക്രീം കേസ് അട്ടിമറിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കോടതിയില്‍ അനുമതി തേടിയിരുന്നു. എഡിജിപി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇക്കാര്യമുന്നയിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി ജഡ്ജിമാരെ പണം കൊടുത്ത് സ്വാധീനിച്ചെന്നായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: