കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. അന്വേഷണ റിപ്പോര്‍ട്ട് വി.എസിന് കൈമാറാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ വഴി പുറത്തായത്. കേസിലെ സാക്ഷികളായ റെജീനയും റെജുലയും പല തവണയായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു
കേസില്‍ തുടരന്വേഷണം നടത്തിയ പ്രത്യേക അന്വേഷണസംഘത്തിലെ ഡി.വൈ.എസ്.പി ജെയ്സണ്‍ .കെ.ഏബ്രഹാം കോഴിക്കോട് കോടതിയില്‍ സമര്‍പ്പിച്ച 215 പേജ് വരുന്ന റിപ്പോര്‍ട്ടാണ് പുറത്തായത്. കുഞ്ഞാലിക്കുട്ടിയെ ശിക്ഷിക്കുന്നതിനോ അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനോ തെളിവുകള്‍ ഇല്ലെന്ന വിലയിരുത്തലോടെയാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
റെജീനയ്ക്ക് 50 ലക്ഷത്തിലധികം രൂപയുടെ ആസ്തിയുണ്ടെന്ന് വിലയിരുത്തുന്ന അന്വേഷണ സംഘം ഇതിനുള്ള വരുമാനസ്രോതസ് ഇവര്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു. 25 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടിലാണ് റെജീന താമസിക്കുന്നത്. കാറും രണ്ട് സ്കൂട്ടറും ഇവര്‍ക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ മറ്റ് സാക്ഷികളായ ബിന്ദു, റോസ്ലിന് തുടങ്ങിയവര്‍ക്കും പണം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബിന്ദുവും റോസ്ലിനും കുഞ്ഞാലിക്കുട്ടിക്കെതിരേ ശക്തമായ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇവരുടെ മൊഴി കാര്യമായിട്ടെടുക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കേസില്‍ സത്യവാങ്മൂലം ഒപ്പിടാനായി റെജീനയും റെജുലയും പണം കൈപ്പറ്റിയിരുന്നുവെന്ന കാര്യവും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവരൊന്നും മൊഴിയില്‍ ഉറച്ചു നില്ക്കാന് തയാറാകുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ തുടരന്വേഷണം നടത്താത്തിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ അനുകൂല വിധി പ്രസ്താവിക്കാനായി താന്‍ കൈക്കൂലി വാങ്ങിയെന്ന കെ.സി. പീറ്ററിന്റെ ആരോപണം വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ മൊഴി. പീറ്റര്‍ മദ്യപിച്ചു നടത്തിയ വെളിപ്പെടുത്തലുകള്‍ വിശ്വസനീയമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒപ്പം അന്നത്തെ പ്രോസിക്യൂഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന എം.എം. മാത്യുവില്‍ നിന്നും ഐസ്ക്രീം കേസുമായി ബന്ധമുള്ള റഹ്മാന് വിപണി വിലയേക്കാള്‍ കൂടുതല്‍ തുക നല്കി ഭൂമി വാങ്ങിയതായും ഇത് റഹ്മാന്റെ ഭാര്യയുടെയും മറ്റും പേരില്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. സാക്ഷികളെ ആരെയും പരിചയമില്ലെന്നും കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ ബന്ധപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: