ന്യൂദല്‍ഹി: യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിക്കെതിരെ പി.എ.സാംഗ്മ ഉന്നയിച്ച ആരോപണങ്ങള്‍ റദ്ദാക്കിയ സാഹചര്യം വിശദീകരിക്കണമെന്ന് വരണാധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രണബ് മുഖര്‍ജി ധനകാര്യമന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്മാന് സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി പിന്തുണയുള്ള രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പി.എ.സാംഗ്മ മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് വരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണം പരിശോധിക്കാതെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വരണാധികാരിയും രാജ്യസഭാ സെക്രട്ടറി ജനറലുമായ വി.കെ. അഗ്നിഹോത്രി ആരോപണം തള്ളുകയും നാമനിര്‍ദ്ദേശപത്രിക അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
മുഖര്‍ജിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്ന് സാംഗ്മയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് സത്യപാല്‍ ജയിനും വരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, പരോളിലിറങ്ങിയ രണ്ട് പ്രതികള്‍ക്കൊപ്പം മുഖര്‍ജി വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തതിനെ ബിജെപി വിമര്‍ശിച്ചു. യുപി മുഖ്യമന്ത്രി മായാവതി സംഘടിപ്പിച്ച വിരുന്നിലാണ് രണ്ട് കുറ്റവാളികള്‍ക്കൊപ്പം മുഖര്‍ജി പങ്കെടുത്തതെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ഡെക്കര്‍ ആരോപിച്ചു. വോട്ടിന് വേണ്ടി കോണ്‍ഗ്രസ് നടത്തുന്ന അവസരവാദ രാഷ്ട്രീയം വെളിവാക്കപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയുടെ നാമനിര്‍ദ്ദേശ പത്രികക്കെതിരെ നല്കിയ പരാതി തള്ളിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് നല്‍കണമെന്ന് എതിര് സ്ഥാനാര്‍ത്ഥിയായ പി.എ.സാംഗ്മ വരണാധികാരിയോട് ആവശ്യപ്പെട്ടു. പ്രണബിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കുമെന്ന് ബിജെപിയും വ്യക്തമാക്കി.
ഇന്നലെ അഞ്ച് മണിയോടെ പകര്‍പ്പ് കൈമാറണമെന്നാണ് വരണാധികാരിക്കയച്ച കത്തില്‍ സാംഗ്മ ആവശ്യപ്പെട്ടത്. കൊല്‍ക്കത്ത ആസ്ഥാനമായ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷസ്ഥാനം മുഖര്‍ജി രാജി വെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാംഗ്മ പരാതി നല്‍കിയത്. എന്നാല്‍, പരാതി തള്ളുകയും മുഖര്‍ജിയുടെ പത്രിക സ്വീകരിക്കുകയും ചെയ്തശേഷം ഒരുദിവസം കഴിഞ്ഞിട്ടും ഉത്തരവിന്റെ പകര്‍പ്പ് നല്കാന് അധികൃതര്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് സാംഗ്മ രേഖാമൂലം ആവശ്യപ്പെട്ടത്.
വിശദമായ ഉത്തരവ് കിട്ടിയശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ബിജെപി അറിയിച്ചു. ഉത്തരവിന്റെ പകര്‍പ്പ് കിട്ടാന്‍ വൈകുന്നത് അസാധാരണ നടപടിയാണെന്ന് ബിജെപി നേതാവ് എസ്.എസ്.ആലുവാലിയ പറഞ്ഞു. ഉത്തരവ് പഠിച്ചശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനന്തകുമാര്‍ വ്യക്തമാക്കി. ബിജെപിക്ക് പുറമെ ബിജെഡി, എഐഎഡിഎംകെ എന്നിവയുടെ പിന്തുണയോടെയാണ് സാംഗ്മ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിവാദ പ്രശ്നങ്ങളിലെ തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സാംഗ്മ പങ്കെടുത്തു.
ആലുവാലിയ, അനന്തകുമാര്‍, ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി തുടങ്ങിയവരും സന്നിഹിതരായിരുന്നു. നാമനിര്‍ദ്ദേശപത്രിക നിരാകരിക്കാതിരിക്കാന്‍ തട്ടിക്കൂട്ടിയുണ്ടാക്കിയതാണ് രാജിക്കത്തെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്താന്‍ പ്രമുഖ ശാസ്ത്രജ്ഞനും ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റുമായ എം.ജി.കെ.മേനോനും മുഖര്‍ജിയും തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
മുഖര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ പരിഗണനയിലാണെന്ന് സാംഗ്മയുടെ അഭിഭാഷകനും ബിജെപി ലീഗല്‍ സെല്‍ അധ്യക്ഷനുമായ സത്യപാല്‍ ജെയിന് വ്യക്തമാക്കി. രാഷ്ട്രപതി സ്ഥാനത്തിന്റെ അന്തസ്സിടിക്കുന്ന യുപിഎയുടെ നടപടിക്ക് തെരഞ്ഞെടുപ്പ് ഹര്‍ജി മാത്രമാണ് പരിഹാരമെന്ന് അദ്ദേഹം ചണ്ഡീഗഡില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: