മാവേലിക്കര: മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും മോഷണം. ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയി. പൂജയ്ക്കായി മേല്‍ശാന്തി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണു ശ്രീകോവില്‍ തുറന്ന നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ വടക്കേ വാതിലും തുറന്നു കിടക്കുകയായിരുന്നു.
കഴിഞ്ഞ രാത്രി നടന്ന മോഷണത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അഞ്ചു പവന്റെ സ്വര്‍ണ കിരീടവും മൂന്നുപവന്റെ അരമണിക്കൂട്ടവും അപഹരിച്ചു. സമീപത്തുതന്നെ കവറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ഓടക്കുഴലും മറ്റും നഷ്ടപ്പെട്ടിട്ടില്ല. ശ്രീകോവില്‍ കോല്‍ത്താഴിട്ട് പൂട്ടുക പതിവാണെങ്കിലും കഴിഞ്ഞദിവസം പൂട്ടിയിരുന്നില്ല. ഇതിനു മുന്നിലുള്ള ഗ്രില്ലിന്റെ താഴ് കുത്തുവിളക്കിന്റെ കമ്പികൊണ്ട് തകര്‍ത്ത നിലയിലാണ്.
കൃഷ്ണന്‍കുട്ടി, മഹേഷ് എന്നീ സെക്യൂരിറ്റികളായിരുന്നു ഇന്നലെ രാത്രി ശ്രീകോവിലില്‍ ഡ്യൂട്ടിയുണ്ടായിരുന്നതെങ്കിലും ഇവര്‍ അവിടെയുണ്ടായിരുന്നില്ല. ചുറ്റമ്പലത്തിന് പടിഞ്ഞാറുള്ള മൈക്ക് സ്റ്റാന്‍്ഡ് വഴിയാണ് മോഷ്ടാവ് ചുറ്റമ്പലം ചാടിക്കടന്നിരിക്കുന്നത്. ഇവിടെ കാല്പാടുകള് ദൃശ്യമാണ്.
പത്തനംതിട്ട തിരുവല്ലയിലെ കല്ലൂപ്പാറയില്‍ ഒരു ക്ഷേത്രത്തിലും ഇന്നലെ മോഷണം നടന്നിരുന്നു. രണ്ടു സംഭവങ്ങള്‍ക്കും പരസ്പര ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. മാവേലിക്കര സിഐ കെ.ആര്. ശിവസുധന്‍പിള്ള, എസ്ഐ ജോസ് മാത്യു എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തും.
ക്ഷേത്രത്തിലെ മോഷണത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകിട്ട് ആറുവരെ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മാവേലിക്കര നഗരസഭാ അതിര്‍ത്തിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: